
ആലപ്പുഴ/കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തിൽ മാത്രമെ നിൽക്കാൻ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.
കണ്ടെയ്നറുകള്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. കസ്റ്റംസ് എത്തി പരിശോധിച്ചശേഷമായിരിക്കും കണ്ടെയ്നറുകള്‍ മാറ്റുക. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ആളുകള്‍ അടുത്തേക്ക് പോകരുതെന്നും കപ്പൽ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും ആലപ്പുഴ കളക്ടര്‍ പറഞ്ഞു.
തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ എംഎസ്‍സി കപ്പൽ കമ്പനിക്ക് കൈമാറും. കണ്ടെയ്നറുകള്‍ കൊണ്ടുപോകാനുള്ള സാങ്കേതിക സഹായം കോസ്റ്റ്ഗാര്‍ഡും ജില്ലാ ഭരണകൂടവും നൽകും. കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞതിൽ ജനങ്ങൾ കൂടുതൽ കരുതൽ എടുക്കണമെന്ന് റവന്യൂമന്ത്രി കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീരദേശ പഞ്ചായത്തുകളിൽ പ്രത്യേകം മൈക്ക് അനൗൺസ്മെന്‍റ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 200 മീറ്റർ അടുത്തേക്ക് പോകാനോ തൊടാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ലെന്നും കെ രാജൻ പറഞ്ഞു.
കൊല്ലത്തെ കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലും ആലപ്പുഴ തറയിൽക്കടവ് ഭാഗത്തുമാണ് കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞത്. കൊല്ലം നീണ്ടകരയിൽ മാത്രം അഞ്ച് എണ്ണമാണ് തീരത്തടിഞ്ഞത്. മിക്ക കണ്ടെയ്നറുകളും ഒഴിഞ്ഞനിലയിലെന്നാണ് പ്രാഥമിക നിഗമനം.ആലപ്പുഴയിലെ ആറാട്ടുപ്പുഴ പഞ്ചായത്തിലടക്കം മൈക്കിൽ അനൗണ്‍സ്മെന്‍റ് നൽകി ആളുകള്‍ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം, ചരക്ക് കപ്പിൽ നിന്നുള്ള കണ്ടെയ്നറുകൾ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ കടൽ വെള്ളത്തിൽ അപകടരമായ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നുള്ള പരിശോധന തുടങ്ങി. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും ചേർന്ന് സാമ്പിള്‍ ശേഖരിക്കുകയാണ്. അടുത്ത ഘട്ടമായി മത്സ്യത്തിന്‍റെ സാമ്പിളുകളും ശേഖരിക്കും.