സിഎഎ അനുകൂലിച്ചതിന്‍റെ പേരില്‍ പൊന്നപ്പന്‍റെ ചായയും ബഹിഷ്കരിച്ചു"; കേരളത്തില്‍ വിവേചനമെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി

By Web TeamFirst Published Jan 24, 2020, 6:43 PM IST
Highlights

സിഎഎയെ അനുകൂലിച്ചതിന്‍റെ പേരില്‍ കുറ്റിപ്പുറത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വിവാദ ട്വീറ്റിന് പിന്നാലെ കേരളത്തില്‍ വീണ്ടും വിവേചനമെന്ന പേരില്‍ ബിജെപി എംപിയുടെ ട്വീറ്റ്.  

തിരുവനന്തപുരം: സിഎഎയെ അനുകൂലിച്ചതിന്‍റെ പേരില്‍ കുറ്റിപ്പുറത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വിവാദ ട്വീറ്റിന് പിന്നാലെ കേരളത്തില്‍ വീണ്ടും വിവേചനമെന്ന പേരില്‍ ബിജെപി എംപിയുടെ ട്വീറ്റ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം  നിഷേധിച്ചുവെന്നായിരുന്നു കര്‍ണാടക ബിജെപി വനിതാ നേതാവ് ശോഭ കരന്ത്‍ലജയുടെ ട്വീറ്റ്. ഈ ട്വീറ്റ് വഴി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പുതിയ ട്വീറ്റുമായി എംപി രംഗത്തുവന്നിരിക്കുന്നത്. 

ഫേസ്ബുക്കില്‍ സിഎഎ അനുകൂല പോസ്റ്റിട്ടതിന് പിന്നാലെ കൊല്ലം ഓച്ചിറ സ്വദേശി പൊന്നപ്പനില്‍ നിന്ന്  ഒരു പ്രത്യേക സമുദായം ചായ വാങ്ങുന്നത് നിര്‍ത്തിയെന്നാണ്  പുതിയ ട്വീറ്റില്‍ പറയുന്നത്. കേരളത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണോ? എന്നും, ഇത്തരം അനീതികള്‍ക്കെതിരെ കേസെടുക്കാന്‍ കേരളാ സര്‍ക്കാര്‍ എന്താണ് തയ്യാറാകാത്തതെന്ന ചോദ്യവും അവര്‍ ട്വീറ്റില്‍ ഉന്നയിക്കുന്നു. അതേസമയം പുതിയ ട്വീറ്റിന് പിന്നിലെ വസ്തുത വ്യക്തമായിട്ടില്ല. മതസ്പര്‍ധ വളര്‍ത്തുന്ന കുറിപ്പ് പങ്കുവച്ചതിനായിരുന്നു ആദ്യത്തെ ട്വീറ്റില്‍ 153(എ) വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്.

Read More: കുറ്റിപ്പുറത്ത് സിഎഎയെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വീറ്റ്; കര്‍ണാടക ബി...

കേരളം മറ്റൊരു കശ്മീരാകാനുള്ള ചെറിയ കാല്‍വെപ്പ് നടത്തിയെന്നും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നുമാണ് എംപി ചിത്ര സഹിതം ട്വീറ്റ് ചെയ്തത്. ആര്‍എസ്എസിന്‍റെ സേവന വിഭാഗമായ സേവഭാരതിയാണ് ഇവര്‍ക്ക് കുടിവെള്ളം നല്‍കുന്നതെന്നും ലുട്ടിയെന്‍സ് മാധ്യമങ്ങള്‍ ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ 'സമാധാനപരമായ' അസഹിഷ്ണുത റിപ്പോര്‍ട്ട് ചെയ്യുമോയെന്നും ശോഭ കരന്ത്‍ലജെ ചോദിച്ചിരുന്നു.

എന്നാല്‍, ഇത് വ്യാജവാര്‍ത്തയാണെന്നായിരുന്നു പൊലീസ് വാദം. കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്‍റെ ചിത്രമുപയോഗിച്ചാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമാണ്  ഇതെന്നും കുറ്റിപ്പുറം പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ജനുവരി 22നാണ് ശോഭ കരന്ത്ല‍ജെ ട്വീറ്റ് ചെയ്തത്. ഉഡുപ്പി ചിക്‍മംഗളൂര്‍ മണ്ഡലത്തിലെ എംപിയാണ് ശോഭ കരന്ത്‍ലജെ. 

History repeats in Kerala!?

Sri Ponnappan frm Oachira of Kollam were supplying tea&snacks to nearby shops.

For his pro remrks on FB, he had to face a complete boycot frm a particular community.

Will Govt dare to file case against these injustices happening in Kerala?? pic.twitter.com/hvm1ep0eU5

— Shobha Karandlaje (@ShobhaBJP)
click me!