
കോട്ടയം: ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന കത്തോലിക്ക സഭ മുഖപത്രമായ ദീപികയിലെ മുഖപ്രസംഗത്തിനെതിരെ സീറോമലബാർ സഭയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജ്. കാര്യങ്ങൾ സഭാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തന്റെ ആശങ്കകൾ സഭാനേതൃത്വം ശ്രദ്ധയോടെ കേട്ടു. വിശദമായ പരാതി എഴുതി നൽകാൻ സഭാ നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ദീപിക പരസ്യം നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെയടക്കം താൽപ്പര്യം സംരക്ഷിക്കുകയാണെന്ന് ഷോൺ ആരോപിച്ചു.
ദീപിക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പെരുമാറുന്നു. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ദീപിക പത്രത്തിലൂടെ പറഞ്ഞു. സഭയുടെ നിലപാട് ഇതാണെങ്കിൽ തങ്ങൾക്കും സഭയെ വേണ്ടെന്ന് വെക്കേണ്ടി വരുമെന്ന് ഷോൺ നേരത്തെ പ്രതികരിച്ചിരുന്നു. . സഭയ്ക്കുവേണ്ടി വാദിക്കുന്ന തന്നോട് സഭയിൽനിന്ന് എന്ത് ലഭിച്ചുവെന്ന് അമിത് ഷാ ചോദിച്ചാൽ എന്ത് മറുപടിയാണ് താൻ പറയേണ്ടതെന്നും ഷോൺ ജോർജ് ചോദിച്ചു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷോൺ ജോർജ് സഭയ്‌ക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. ഇതിന് പിന്നാലെയാണ് സഭാ നേതൃത്വത്തെ കണ്ട് ഷോണ പരാതി പറഞ്ഞത്
സഭയുടെ മുഖപത്രമാണെങ്കിൽ നിക്ഷപക്ഷമായി നിൽക്കണം. സഭയുടെ മുഖപത്രം സഭയുടെ നിലപാടിനൊപ്പം നിൽക്കണം. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്. സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam