കൊവിഡ് - കൊവിഡാനന്തര ചികിത്സയ്ക്കുള്ള മരുന്നുകളുടെ ക്ഷാമം നേരിടാൻ നടപടി തുടങ്ങി

By Asianet MalayalamFirst Published Apr 18, 2021, 8:29 AM IST
Highlights

അടുത്ത ആഴ്ചയോടെ കുറച്ചു മരുന്നുകൾ എത്തിക്കാൻ ശ്രമം തുടങ്ങിയെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അറിയിച്ചു. ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സക്കും കോവിഡാനന്തര ചികിത്സയ്ക്കും ഉപയോഗിക്കുന്ന മരുന്നുകളുടെ ക്ഷാമം നേരിടാൻ നടപടി തുടങ്ങി സര്‍ക്കാ‍ർ. അടുത്ത ആഴ്ചയോടെ കുറച്ചു മരുന്നുകൾ എത്തിക്കാൻ ശ്രമം തുടങ്ങിയെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അറിയിച്ചു. ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്രത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് തീവ്രമാകുമ്പോൾ നൽകുന്ന ആന്റി വൈറൽ കുത്തിവയ്പ്പാണ് റെംഡിസിവിർ. രോഗ തീവ്രത കുറയ്ക്കാൻ ഈ മരുന്ന് സഹായിക്കുന്നുണ്ടെന്നു തീവ്രപരിചരണ വിഭാഗങ്ങളിലെ ഡോക്ടർമാർ പറയുന്നു. ഈ മരുന്ന് സ്വകാര്യ മേഖലയിൽ തീരെ ഇല്ല. സർക്കാർ ആശുപത്രികളിൽ ഉള്ളത് 700 ഡോസ് ഇഞ്ചക്ഷൻ മാത്രം.

രോഗം ഗുരുതരമാകുന്നവരിൽ ഒരു രോഗിക്ക് ഏറ്റവും കുറഞ്ഞത് 6 കുത്തിവയ്പ് നല്കണം. സിപ്ല , റെഡ്ഡീസ് , മൈലൻ , ഹെഡ്‌റോ എന്നീ കമ്പനികളാണ് ഉല്‍പാദകര്‍. ഇവരെല്ലാം ഉത്പാദനം നിർത്തുകയോ കുറയ്ക്കുകയോ ചെയ്തത് ആണ് തിരിച്ചടി ആയത്. കേരളത്തിൽ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയതോടെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കമ്പനികളെ നേരിട്ട് സമീപിച്ചിരിക്കുകയാണ്. സിപ്ലയുടെ കയ്യിൽ ഉള്ള കുറച്ചു സ്റ്റോക്ക് അടുത്ത ആഴ്ചയോടെ എത്തിക്കാം എന്ന് അവർ അറിയിച്ചിട്ടുണ്ട്. കടുത്ത ന്യുമോണിയ ഉള്ളവർക്ക് നൽകുന്ന ടോസിലിസുമാബ്‌ മരുന്നിനും ക്ഷാമം ഉണ്ടെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ പക്ഷേ ഈ മരുന്ന് അധികം ഉപയോഗിക്കുന്നില്ല. 

click me!