പരാതി നൽകാൻ വൈകിയതിന്റെ പേരിൽ ലൈംഗികാതിക്രമ കേസുകളിൽ അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി

Published : Jul 04, 2022, 06:55 PM IST
പരാതി നൽകാൻ വൈകിയതിന്റെ പേരിൽ ലൈംഗികാതിക്രമ കേസുകളിൽ അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി

Synopsis

പരാതി വൈകിയതിന്‍റെ പേരിൽ മറ്റും കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടിൽ വച്ച് അളക്കാനാകില്ല, ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ ഇതില്‍ പരിഗണിക്കേണ്ടതുണ്ടെന്നും സിംഗിൾ ബെഞ്ച്

കൊച്ചി: പരാതി നല്‍കാൻ വൈകിയാലും ലൈംഗികാതിക്രമ കേസുകളിൽ അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. പരാതി വൈകിയതിന്‍റെ പേരിൽ മറ്റും കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടിൽ വച്ച് അളക്കാനാകില്ല. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ ഇതില്‍ പരിഗണിക്കേണ്ടതുണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പോക്സോ കേസിലെ കീഴ്ക്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നല്‍കിയ അപ്പീലാണ് കോടതിയുടെ നിരീക്ഷണം.

 ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നല്‍കാനുള്ള കാലതാമസത്തെ കേസന്വേഷിക്കുന്നതിന് ഒരു കുറവായി കാണരുതെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇതിനെ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യരുത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന വ്യക്തി പരാതിപ്പെടാനുണ്ടാകുന്ന കാലതാമസത്തിന് നിരവധി കാരണങ്ങളുണ്ട്. ഇരയുടെ മാനസികാവസ്ഥ,  കുടുംബം, സാമൂഹികാവസ്ഥ എന്നിവയൊക്കെ പരിഗണിക്കേണ്ടതുണ്ട്. കേരളത്തിന്‍റെ സാമൂഹിക സാഹചര്യത്തിൽ, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ ഇത്തരം പരാതികള്‍ നല്‍കാന്‍ പരിമിതികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പരാതി വൈകി എന്നതിന്‍റെ പേരിൽ കേസ് ഇല്ലാതാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയുടെ വസ്തുതകളിലോ യാഥാർത്ഥ്യങ്ങളിലോ ദുരൂഹത ഉണ്ടെങ്കില്‍ മാത്രമേ കാലതാമസം എന്നത് പരിഗണിക്കേണ്ടതുള്ളൂ എന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. പതിനേഴുകാരിയായ മകളെ പീഡിപ്പിക്കാന്‍ അച്ഛൻ ശ്രമിച്ചു എന്നാരോപിച്ച് അമ്മ നൽകിയ പരാതിയാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് കുറ്റപത്രവും നൽകി. കൊല്ലം സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷം ശിക്ഷയ്ക്കെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഈ നിരീക്ഷണങ്ങൾ. കീഴ്ക്കോടതി വിധിച്ച അഞ്ച് വര്‍ഷം കഠിന തടവ് ഹൈക്കോടതി മൂന്ന് വര്‍ഷമായി കുറച്ചു.

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു