
കൊച്ചി: കൊച്ചിയിലെ സർക്കിൾ ഇൻസ്പെക്ടറെ കാണാതായ സംഭവത്തിൽ ആരോപണ വിധേയനായ അസിസ്റ്റൻഡ് കമ്മീഷണർക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ശേഷമാകും നടപടി. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ നവാസ് മാധ്യമങ്ങളോട് കാര്യങ്ങൾ പിന്നീട് പറയാമെന്നാണ് പ്രതികരിച്ചത്.
കാണാതായി മൂന്നാം ദിവസം കൊച്ചിയിൽ മടങ്ങിയെത്തിയ നവാസ് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പരസ്യമായി ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല. സേനയുടെ ആത്മവീര്യം തകർക്കുന്ന രീതിയിൽ പ്രതികരണമുണ്ടാകരുതെന്ന് ഉദ്യോഗസ്ഥർ നവാസിനോട് ആവശ്യപ്പെട്ടിടുണ്ട്. സംഭവത്തിൽ വകുപ്പ് തല അന്വേഷണവും തുടരുകയാണ്.
ആരോപണവിധേയനായ അസിസ്റ്റൻഡ് കമ്മീഷണർ സുരേഷ്കുമാറിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് വിവരം. കൊച്ചി അസിസ്റ്റൻഡ് കമ്മീഷണറായിരുന്ന സുരേഷ്കുമാറിനെ മട്ടാഞ്ചേരി അസിസ്റ്റൻഡ് കമ്മീഷണറായി സ്ഥലം മാറ്റിയിരുന്നു. എന്നാൽ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ചുമതല സുരേഷ്കുമാറിന് നൽകിയേക്കില്ല. ഭാര്യയുടെ പരാതിയുടെ പശ്ചാത്തലത്തിൽ സംഭവം വിശദമായി അന്വേഷിക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചത്.
നവാസും,അസിസ്റ്റൻഡ് കമ്മീഷണറുമായി വയർലെസ് സെറ്റിലൂടെ നടത്തിയ സംഭാഷണം പരിശോധിച്ച് വരികയാണ്. പൊലീസ് കൺട്രോൾ റൂമിലെ ഈ റെക്കോർഡുകൾ പരിശോധിച്ച ശേഷമാകും അച്ചടക്ക നടപടിയിൽ തീരുമാനം. വയർലെസ്സിലൂടെ എസി മോശമായി തന്നോട് സംസാരിച്ചെന്നാണ് നവാസ് ആദ്യം പറഞ്ഞത്. മുതിർന്ന ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനം കാരണമാണ് മാറി നിൽക്കുന്നതെന്നും നവാസ് പറഞ്ഞിരുന്നു. എന്നാൽ, പരുഷമായി ഒന്നും നവാസിനോട് പറഞ്ഞിട്ടില്ലെന്നായിരുന്നു എസി സുരേഷ്കുമാറിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam