സിദ്ദിഖ് കാപ്പനെ ദില്ലി എയിംസിലേക്ക് മാറ്റി

By Web TeamFirst Published May 1, 2021, 7:31 AM IST
Highlights

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഇന്നലെയാണ് യുപി സർക്കാർ കാപ്പനെ എയിംസിലേക്ക് മാറ്റിയത്. ഒരു ഡെപ്യൂട്ടി ജയിലറേയും മെഡിക്കൽ ഓഫീസറെയും കാപ്പനൊപ്പം നിയോഗിച്ചിട്ടുണ്ട്. 

ദില്ലി: യുഎപിഎ ചുമത്തി യുപി പൊലീസ് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഇന്നലെയാണ് യുപി സർക്കാർ കാപ്പനെ എയിംസിലേക്ക് മാറ്റിയത്. ഒരു ഡെപ്യൂട്ടി ജയിലറേയും മെഡിക്കൽ ഓഫീസറെയും കാപ്പനൊപ്പം നിയോഗിച്ചിട്ടുണ്ട്. കാപ്പനെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന കോടതി ഉത്തരവ് വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ശേഷമാണ് എയിംസിലേക്ക് മാറ്റിയത്. 

ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും തടവുകാർക്കും ഇത് ബാധകമാണെന്നും സിദ്ദിഖ് കാപ്പന്  ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടികാട്ടിയിരുന്നു. സിദ്ദിഖ് കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറൽ എതിര്‍ത്തെങ്കിലും സുപ്രീംകോടതി, മെച്ചപ്പെട്ട ചികിത്സ നൽകാൻ ദില്ലിക്ക് കൊണ്ടു പോകാൻ ഉത്തരവിടുകയായിരുന്നു. കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. ദില്ലി എയിംസിലോ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലോ കാപ്പനെ പ്രവേശിപ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

സത്യം ജയിച്ചെന്നായിരുന്നു സിദ്ദിക്ക് കാപ്പന്‍റെ കുടുംബം ഉത്തരവിനോട് പ്രതികരിച്ചത്. കാപ്പന്‍റെ അസുഖത്തിന് ചികിത്സ ലഭിക്കുന്നതിൽ ആശ്വാസ്യകരമായ നിലപാടാണ് സുപ്രീം കോടതിയെടുത്തതെന്നും നന്ദിയും സന്തോഷമുണ്ടെന്നും ഭാര്യ റൈഹാനത്ത് വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!