
മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമല്ലെന്ന് സൂചന. ട്രോളിയും കട്ടറും മറ്റും വാങ്ങാൻ പ്രതികൾ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഈ സംശയം ബലപ്പെട്ടത്. പണമോ മറ്റോ അപഹരിക്കാനുള്ള ശ്രമത്തിനിടെ സിദ്ധിഖ് കൊല്ലപ്പെട്ടപ്പോൾ തെളിവ് നശിപ്പിക്കാൻ ചെയ്തതാവാമെന്നാണ് ഇപ്പോഴത്തെ സംശയം. ഹോട്ടൽ മുറിയിൽ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടർ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്.
അതിനിടെ സിദ്ധിഖ് ഹോട്ടലിൽ വെച്ച് ക്രൂര മർദ്ദനത്തിന് ഇരയായെന്നും വ്യക്തമായിട്ടുണ്ട്. ഇയാളുടെ വാരിയെല്ലുകൾ ഒടിഞ്ഞെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ചെന്നൈയിൽ പിടിയിലായ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽവിശദമായി ഇവരെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കും.
തിരൂർ സ്വദേശിയാണ് കൊല്ലപ്പെട്ട സിദ്ധിഖ്. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരിയായിരുന്നു. സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അഞ്ചാം ദിവസമാണ് അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിനടുത്ത് രണ്ട് പെട്ടികളിലായി മൃതദേഹം കണ്ടെത്തിയത്.
ചെറുപ്പളശ്ശേരി സ്വദേശി ഷിബിലി, സുഹൃത്തുക്കളായ ഫർഹാന, ആഷിക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ചെന്നൈയിൽ റെയിൽവേ പോലീസിന്റെ പിടിയിലായ ഷിബിലിയെയും ഫർഹാനിയെയും തിരൂർ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്ന് രാത്രിയോടെ മലപ്പുറത്ത് എത്തിക്കും. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമാണെങ്കിലും കൊലപാതകത്തിന്റെ ആസൂത്രണം, കൊല നടപ്പാക്കിയ രീതി കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനും നിർണായക തെളിവുകൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam