
തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ റെയിൽ. കേന്ദ്ര റെയിൽവെ മന്ത്രാലയം ആവശ്യപ്പെട്ട നിലയിൽ അടിസ്ഥാന പദ്ധതിയിൽ മാറ്റം വരുത്താൻ ആകില്ലെന്നാണ് കത്തിൽ വ്യക്തമാക്കിയത്. അതിവേഗ തീവണ്ടികൾക്ക് പ്രത്യേക ലൈൻ തന്നെ വേണമെന്നും ഇതിനായി സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിൻ ഓടിക്കാൻ കഴിയും വിധം മാറ്റം വരുത്താൻ കഴിയില്ലെന്നും കെ റെയിൽ വിശദീകരിക്കുന്നു. റെയിൽവേ ഭൂമിയാണ് പ്രശ്നമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നും കെ റെയിൽ കത്തിൽ അറിയിച്ചിട്ടുണ്ട്. അതേസമയം റെയിൽവെയുടെ ബദൽ നിർദേശം തള്ളി മെട്രോ മാനും ബിജെപി നേതാവുമായ ഇ ശ്രീധരനും രംഗത്ത് വന്നു. ബ്രോഡ്ഗേജ് പാതാ നിർദേശം അപ്രയോഗികമെന്നാണ് ഇ ശ്രീധരൻ്റെ നിലപാട്.
ഡെഡിക്കേറ്റഡ് സ്റ്റാൻഡ് എലോൺ സ്പീഡ് കോറിഡോറായി തന്നെ സിൽവർ ലൈൻ നിലനിർത്തണണെന്നാണ് കെ റെയിലിൻ്റെ ആവശ്യം. അതിവേഗ ട്രെയിനിനായി പ്രത്യേക അതിവേഗ പാത വേണം. വന്ദേഭാരതിനും ചരക്ക് വണ്ടികൾക്കുമായി ബ്രോഡ് ഗേജാക്കി മാറ്റണമെന്ന നിർദ്ദേശമായിരുന്നു റെയിൽവെ ബോർഡ് വെച്ചത്. അത് കെറെയിൽ തള്ളി. നിലവിലെ പാതക്ക് സമാന്തരമായി മറ്റൊരുപാത അപ്രായോഗികമന്നാണ് നിലപാട്.
സ്റ്റാൻഡേർഡ് ഗേജിൽ തന്നെ പ്രത്യേക പാത വേണമെന്ന നിലപാടിനൊപ്പമാണ് മെട്രോമാൻ ഇ ശ്രീധരൻ. ശ്രീധരൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്ത് റെയിൽവെ ബോർഡിൻറെ ബദൽ നിർദ്ദേശങ്ങൾ തള്ളിക്കൊണ്ടാണ്. മെട്രോമാൻറെ പിന്തുണ കെ റെയിലിനും സംസ്ഥാന സർക്കാറിന് രാഷ്ട്രീയമായി നേട്ടമാണ്.
ഭൂമി ഏറ്റെടുക്കലിൽ മാറ്റത്തിന് തയ്യാറെന്ന് കെ റെയിൽ സന്നദ്ധത അറിയിക്കുന്നുണ്ട്. റെയിൽവെയുടെ 108 ഹെക്ടർ ഭൂമിയാണ് സിൽവർലൈനിന് വേണ്ടത്. ഇത് വിട്ടുതരാൻ തയ്യാറല്ലെങ്കിൽ അലൈൻമെൻറ് മാറ്റാമെന്നാണ് നിർദ്ദേശം. അങ്ങിനെയെങ്കിൽ കൂടുതൽ ഭൂമി കണ്ടെത്തേണ്ടി വരും. അതിവേഗ വണ്ടികൾക്കുള്ള പാതയായി പരിഗണിക്കുകയാണെങ്കിൽ എതെങ്കിലും തരത്തിലെ സാങ്കേതിക പാരിസ്ഥിതിക പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാമെന്നും കെ റെയിൽ അറിയിക്കുന്നു. അടിസ്ഥാനനയത്തിൽ വെള്ളം ചേർക്കാനില്ലെന്ന് കെ റെയിൽ വ്യക്തമാക്കുമ്പോൾ ഇനി സിൽവർലൈനിന് ഗ്രീൻ സിഗ്നൽ കിട്ടുമോ എന്ന് റെയിൽവെ തീരുമാനിക്കും.