സിൽവര്‍ ലൈൻ പദ്ധതി അടഞ്ഞ അധ്യായം, ഇനി ച‍ര്‍ച്ച നടത്തിയിട്ട് കാര്യമില്ല: പികെ കൃഷ്ണദാസ്

By Web TeamFirst Published Jul 28, 2022, 4:31 PM IST
Highlights

ഇതിനെക്കുറിച്ച് ഇനി ച‍ര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല.  പകരം കേന്ദ്രം കേരളത്തിന് തരുന്ന ബന്ദൽ പദ്ധതിയിൽ എന്തെങ്കിലും നിര്‍ദ്ദേശം നൽകാനുണ്ടെങ്കിൽ അതിനാണ് സംസ്ഥാനം ശ്രമിക്കേണ്ടതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. 

ദില്ലി: കേരള സ‍ര്‍ക്കാര്‍ നടപ്പാക്കാൻ ഉദ്ധേശിക്കുന്ന സിൽവര്‍ ലൈൻ പദ്ധതി അടഞ്ഞ അധ്യായമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും റെയിൽവേ പാസഞ്ചര്‍ കമ്മിറ്റി അധ്യക്ഷനുമായ പി.കെ.കൃഷ്ണദാസ്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് സിൽവര്‍ ലൈൻ അടഞ്ഞ അധ്യായമാണ്. ഇതിനെക്കുറിച്ച് ഇനി ച‍ര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല.  പകരം കേന്ദ്രം കേരളത്തിന് തരുന്ന ബന്ദൽ പദ്ധതിയിൽ എന്തെങ്കിലും നിര്‍ദ്ദേശം നൽകാനുണ്ടെങ്കിൽ അതിനാണ് സംസ്ഥാനം ശ്രമിക്കേണ്ടതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. 

രാജിവച്ച മന്ത്രി സജി ചെറിയാൻ്റെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളെ നിലനി‍ര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ ശ്രമത്തേയും പികെ കൃഷ്ണദാസ് രൂക്ഷമായി വിമ‍ര്‍ശിച്ചു. സജി ചെറിയാൻ്റെ പേഴ്സണൽ സ്റ്റാഫിനെ പുനർ നിയമിച്ച നടപടി ധൂർത്താണ്. സാമ്പത്തിക നഷ്ടം വരുത്തുന്ന കാര്യമാണിത്, ഇങ്ങനെയുള്ള വീതം വെപ്പ് നടപടിയിൽ നിന്ന് സ‍‍ര്‍ക്കാര്‍ പിൻമാറണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. 

സില്‍വര്‍ ലൈന്‍ വിജ്ഞാപനം പുതുക്കും; നടപടികള്‍ തുടരാനുള്ള തീരുമാനം കേന്ദ്രത്തിന്‍റെ എതിര്‍പ്പിനിടെ

തിരുവനന്തപുരം: സിൽവർ ലൈൻ സാമൂഹ്യ ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കി ഇറക്കും. കാലാവധി തീർന്ന 9 ജില്ലകളിൽ പുതിയ വിജ്ഞാപനം ഈ ആഴ്ച്ച ഇറക്കും. നിലവിൽ പഠനം നടത്തിയ ഏജൻസികൾക്ക് ഒപ്പം പുതിയ ഏജൻസികളെയും പരിഗണിക്കും. വീണ്ടും ആറു മാസം കാലാവധി നൽകിയാകും വിജ്ഞാപനം. കേന്ദ്രസര്‍ക്കാരിന്‍റെ എതിർപ്പിനിടെയാണ് സംസ്ഥാനം ചെയ്യാനുള്ള സാങ്കേതിക നടപടികൾ തുടരാൻ കേരളം തീരുമാനിച്ചിരിക്കുന്നത്. 

വിഞാപനം പുതുക്കുന്നത് കരുതലോടെ മതി എന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു. നിയമ വകുപ്പുമായി ആലോചിച്ചു തീരുമാനം എടുക്കാനാണ്   റവന്യു വകുപ്പ് നീക്കം. 9 ജില്ലകളിലെ സർവേക്കുള്ള കാലാവധി തീർന്നു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കാലാവധി ജൂലൈ 30 നാണ് തീരുന്നത്. ഒരു ജില്ലയിലും നൂറു ശതമാനം സർവേ തീർന്നിട്ടില്ല. നിലവിലെ വിഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ട്.  കേന്ദ്രം ഉടക്കി നിൽക്കുമ്പോൾ ഇനി വിഞാപനം പുതുക്കിയിട്ട് കാര്യം ഉണ്ടോ എന്നും സംശയം ഉണ്ട്. അനുമതിയിൽ അനിശ്ചിതത്വം നിലനിൽക്കേ  കേന്ദ്രത്തെ  പഴിച്ചു വിവാദത്തെ നേരിടാനാണ് സർക്കാർ ശ്രമം. 

അതിനിടെ, ബിജെപി കെ റെയിലിന് ബദല്‍ സാധ്യതകള്‍ തേടിയിട്ടുണ്ട്. ബദല്‍ ആവശ്യമുന്നയിച്ച്  കേന്ദ്ര റെയില്‍വെ മന്ത്രിയുമായി കേരളത്തിലെ ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ബദല്‍ ചർച്ച ചെയ്യാന്‍ കേരളത്തിലെ എംപിമാരെ വിളിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. നേമം ടെർമിനല്‍ ഉപേക്ഷിക്കില്ലെന്ന്  റെയില്‍വെ മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും നേതാക്കള്‍ പറഞ്ഞു.

click me!