സിൽവർ ലൈൻ കല്ലിടൽ: പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഐ

By Web TeamFirst Published Apr 25, 2022, 3:05 PM IST
Highlights

തിരുവന്തപുരം കരിച്ചാറായിൽ നടന്ന പോലീസ് അതിക്രമത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തു

തിരുവനന്തപുരം: സിൽവർ ലൈൻ സർവെയുമായി (Silver Line Survey) ബന്ധപ്പെട്ട കല്ലിടലിൽ പൊലീസ് (Kerala Police) നടപടി ശരിയായില്ലന്ന് സിപിഐ (CPI). കെ റയിൽ പ്രതിഷേധക്കാരെ തിരുവനന്തപുരത്ത് പൊലീസുകാരൻ ചവിട്ടിയത് ശരിയായില്ല. ഈ നടപടി സംസ്ഥാന സർക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി വേണം, എന്നാൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാൻ. ഇങ്ങനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു.

കെ റെയിൽ പ്രധിഷേധക്കാർക്ക് നേരെ തിരുവന്തപുരം കരിച്ചാറായിൽ നടന്ന പോലീസ് അതിക്രമത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തു. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്. അഖിൽ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

സിൽവർ ലൈൻ: കോൺഗ്രസ് - സിപിഎം സംഘർഷം

കണ്ണൂ‍ർ: സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ സിപിഎം -  കോൺ​ഗ്രസ് പ്രവ‍ർത്തകർ തമ്മിൽ സംഘർഷം (Clash between CPIM and Congress workers in K Rail Survey). കണ്ണൂർ ന​ഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ മാറി നാടാലിൽ ആണ് സംഭവം. ഇന്ന് രാവിലെ സ‍ർവേ നടപടികൾ പൊലീസ് സംരക്ഷണയിൽ പുരോ​ഗമിക്കുന്നതിനിടെ കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് നീക്കം ചെയ്തതിന് പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സിപിഎം പ്രവർത്തകർ സ്ഥലത്ത് എത്തുകയും സംഘർഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. 

കോൺ​ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചു വിട്ടു. കോൺ​ഗ്രസുകാരെ കൈയ്യേറ്റം ചെയ്ത രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പൊലീസ് ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്ക് ശേഷം സ‍ർവേ തുടരുമ്പോൾ സിപിഎം പ്രവർത്തകർ പ്രദേശവാസികളോട് സംസാരിച്ചു. ഇതോടെ പരസ്യമായ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ വീട്ടുകാരാരും തയ്യാറായില്ല. 

സിപിഎം, കോൺ​ഗ്രസ് പ്രവർത്തകർ രണ്ടിടത്തും സംഘടിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി. സംഘർഷത്തിനും പ്രതിഷേധത്തിനും ഇടയിലും കല്ലിടൽ പുരോ​ഗമിക്കുകയാണ്. വികസനത്തിനായി വീടും സ്ഥലവും വിട്ടു കൊടുക്കാൻ ആളുകൾ തയ്യാറാണെങ്കിൽ അതിനെ അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ലെന്നും കണ്ണൂർ ന​ഗരത്തിൽ നിന്നുള്ള കോൺ​ഗ്രസുകാരാണ് പ്രതിഷേധത്തിനായി നാടാലിലേക്ക് വരുന്നതെന്നും സിപിഎം പ്രവർത്തകർ പറഞ്ഞു. 

click me!