സില്‍വര്‍ലൈനിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

By Web TeamFirst Published Sep 14, 2021, 4:57 PM IST
Highlights

പാരിസ്ഥിക അനുമതി കിട്ടുന്നതിനു മുമ്പ്, സില്‍വര്‍ ലൈന്‍ പ്രൊജക്ടിന്റെ നിര്‍മാണാനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി ആര്‍ ശശികുമാര്‍ സമര്‍പ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം

തിരുവനന്തപുരം: സില്‍വര്‍ലൈനിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം. ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പരിസ്ഥിതി, മന്ത്രാലയത്തിലെ ബെംഗളൂരു മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞന്‍ ഡോ മുരളീ കൃഷ്ണയാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

പാരിസ്ഥിക അനുമതി കിട്ടുന്നതിനു മുമ്പ്, സില്‍വര്‍ ലൈന്‍ പ്രൊജക്ടിന്റെ നിര്‍മാണാനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി ആര്‍ ശശികുമാര്‍ സമര്‍പ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ റെയില്‍വേയോ റെയില്‍വേ പദ്ധതികളോ ഉള്‍പ്പെടുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍,  ദേശീയ പാതകള്‍, കെട്ടിട നിര്‍മാണങ്ങള്‍ തുടങ്ങിയ 39 വികസന പദ്ധതികളും പ്രവര്‍ത്തികളുമാണ് ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നത്. ഇക്കൂട്ടത്തില്‍ റെയില്‍വേയും റെയില്‍വേ പദ്ധതികളുമില്ല. അതുകൊണ്ട് തന്നെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥികാനുമതി ആവശ്യമില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.

നോയ്ഡ -ഗ്രേറ്റര്‍ നോയ്ഡ മെട്രോ റെയില്‍ പദ്ധതിക്ക് പാരിസ്ഥികാനുമതി നേടണമെന്നുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പിന്നീട് സുപ്രിം കോടതി സ്റ്റേ ചെയ്ത കാര്യവും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 

click me!