
കാസര്‍കോട്: ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന അരക്കോടി രൂപ വാഹനത്തില്‍ നിന്ന് കവര്‍ന്ന സംഭവത്തിന് പിന്നില്‍ മൂന്ന് പേരെന്ന് നിഗമനം. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന സംഘം മോഷണത്തിന് ശേഷം ആ ഭാഗത്തേക്ക് തന്നെയാണ് തിരിച്ചു പോയതെന്നും സംശയിക്കപ്പെടുന്നു. എന്നാല്‍ കേസില്‍ ഇതുവരെയും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികള്‍ അന്നേ ദിവസം തന്നെ മംഗലാപുരത്ത് സമാനമായ മറ്റൊരു മോഷണം കൂടി നടത്തിയിരുന്നതായും സംശയിക്കുന്നുണ്ട്. വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് സീറ്റിലിരുന്ന ലാപ്ടോപ് ആണ് മോഷ്ടിച്ചിരിക്കുന്നത്. രണ്ട് കവര്‍ച്ചയും ഒരേ സംഘമാണെന്ന വിലയിരുത്തലിലാണ് പൊലീസ്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോട് കൂടിയാണ് ഉപ്പളയിലെ കവര്‍ച്ച നടക്കുന്നത്. എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ സ്വകാര്യ കമ്പനിയുടെ വാഹനത്തിന്‍റെ ഗ്ലാസ് തകര്‍ത്ത് കൊണ്ടുപോവുകയായിരുന്നു. കൃത്യം നടത്തിയത് ഒരാളാണെങ്കിലും പിന്നില്‍ മൂന്നംഗ സംഘമാണെന്നാണ് ഇപ്പോള്‍ പൊലീസിന്‍റെ നിഗമനം.
മംഗലാപുരത്ത് നിന്നാണ് ഇവരെത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. ഉപ്പളയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു വാഹനത്തില്‍ മംഗലാപുരത്തേക്ക് തിരിച്ച് പോയി എന്നാണ് നിഗമനം.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം സുരക്ഷാ ക്യാമറകള്‍ അന്വേഷണ സംഘം പരിശോധിച്ചു. ഉപ്പള നഗരത്തിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മോഷണത്തിന് പിന്നില്‍ ഇതര സംസ്ഥാനക്കാരാണെന്നും സംശയമുണ്ട്.
മതിയായ സുരക്ഷാസംവിധാനമില്ലാതെ പണം കൊണ്ടുവന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാൻ സ്വകാര്യ കമ്പനിക്ക് ഇതുവരെയും ആയിട്ടില്ല. ഒരു കോടി 45 ലക്ഷം രൂപയുമായി ഉപ്പളയില്‍ എത്തുമ്പോള്‍ തോക്കേന്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ഇല്ലാത്തത്, വാഹനത്തിന്‍റെ ഇരുവശത്തേയും ഗ്രില്‍ ഇളക്കി മാറ്റി വച്ചത്, സീറ്റില്‍ അലക്ഷ്യമായി അരക്കോടി സൂക്ഷിച്ചത് തുടങ്ങിയവയിലെ ദുരൂഹതയും നീങ്ങാനുണ്ട്.
Also Read:- കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam