കെഎസ്ആര്‍ടിസി:'സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും. റൊട്ടേഷൻ വ്യവസ്ഥയിൽ സോണൽ അടിസ്ഥാനത്തില്‍ ഡ്യൂട്ടി'

By Web TeamFirst Published Sep 5, 2022, 3:32 PM IST
Highlights

 നിലവിലെ ശമ്പള കുടിശ്ശിക ഓണത്തിന് മുൻപ് കൊടുത്തുതീർക്കും.എല്ലാ മാസവും 5 ആം തീയതിക്കുള്ളിൽ ശമ്പളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാനേജ്മെന്‍റിന്  നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുൻപായി കൊടുത്തുതീർക്കാനും മറ്റ് ആശങ്കകൾ പരിഹരിക്കാനും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ തീരുമാനമായി. സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. യോഗത്തിലെടുത്ത പ്രധാന തീരുമാനങ്ങൾ ഇവയാണ്.ജീവനക്കാർക്ക് കൊടുത്തുതീർക്കാനുള്ള നിലവിലെ ശമ്പള കുടിശ്ശിക ഓണത്തിന് മുൻപ് കൊടുത്തുതീർക്കും.എല്ലാ മാസവും 5 ആം തീയതിക്കുള്ളിൽ ശമ്പളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാനേജ്മെന്‍റിന് നിർദ്ദേശം നൽകി.

ഇപ്പോൾ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുള്ള ദിവസ വേതനക്കാർക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും. .മെക്കാനിക്കൽ ജീവനക്കാർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവരെ പുനർ വിന്യസിക്കും.ഇത് പൂർത്തീകരിക്കുന്ന മുറക്ക് താത്കാലിക മെക്കാനിക്കൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും.കണ്ടക്ടർ, ഡ്രൈവർ എന്നിവർക്കുള്ള ബാറ്റ, ഇൻസെന്റീവ് തുടങ്ങിയവ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതാത് ദിവസം നൽകും. ഇതിനായി എല്ലാ യൂണിറ്റുകളിലും അധികാരികളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കും.

സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും. റൊട്ടേഷൻ വ്യവസ്ഥയിൽ സോണൽ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും.സോണൽ ഓഫീസ് മേധാവിമാരായി കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കും.മെക്കാനിക്കൽ വർക്ക്ഷോപ്പുകളിൽ പുതുക്കിയ വർക്ക് നോം ഘട്ടം ഘട്ടമായി നടപ്പിലാക്കും.കെഎസ്ആർടിസിയെ പൊതുമേഖലയിൽ തന്നെ നിലനിർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെ യൂണിയൻ പ്രതിനിധികൾ പ്രശംസിച്ചു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച പരിഹാര നിർദ്ദേശങ്ങളെയും അവർ സ്വാഗതം ചെയ്തു. ഗതാഗത മന്ത്രി അഡ്വ. ആന്‍റണി രാജു, കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.അതേ സമയം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.

click me!