
തിരുവനന്തപുരം: എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബിഎൽഒ അനീഷ് ജോര്‍ജ്ജിന്‍റെ മരണത്തിന് കാരണം ജോലി സമ്മര്‍ദ്ദമെന്ന സിപിഎം ആരോപിച്ചപ്പോള്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ ബിഎൽഒമാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ എസ്ഐആര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ ചേര്‍ന്ന യോഗത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം പാര്‍ട്ടികള്‍ ഉന്നയിച്ചു. സമയക്രമം മാറ്റിയില്ലെങ്കിൽ എസ്ഐആര്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാകുമെന്നും ദുരന്തമായി മാറുമെന്നുമാണ് സിപിഎം വിമര്‍ശനം.
അനീഷ് ജോര്‍ജ്ജിന്‍റെ മരണത്തില്‍ അനുശോചിച്ചുള്ള കൊണ്ടുള്ള കുറിപ്പിൽ അനീഷ് ജോര്‍ജ്ജിന്‍റെത് സ്വാഭാവിക മരണമെന്ന നിലയിലാണ് കമ്മീഷൻ പറഞ്ഞതെന്നും സിപിഎം കുറ്റപ്പെടുത്തി. സമയക്രമം മാറ്റിയില്ലെങ്കിൽ ഒരുപാടുപേര്‍ പട്ടികയ്ക്ക് പുറത്താകുമെന്ന് കോണ്‍ഗ്രസും പൗരത്വം വച്ചാണ് കമ്മീഷൻ കളിക്കുന്നതെന്ന് മുസ്ലീം ലീഗും വിമർശിച്ചു. എന്നാല്‍ രാഷ്ട്രീയ താൽപര്യം വച്ചാണ് എസ്ഐആറിനെ എതിര്‍ക്കുന്നതെന്നും സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് എസ്ഐആറിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും ബിജെപി ആരോപിച്ചു.
ബിഎൽഒമാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന പാര്‍ട്ടികളുടെ വിമര്‍ശനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി. എസ്ഐആര്‍ നീട്ടണമെന്ന ആവശ്യത്തിൽ യോഗത്തിൽ പ്രതികരിച്ചില്ലെങ്കിലും സമയക്രമം മാറ്റില്ലെന്ന് വാര്‍ത്താ സമ്മേളനത്തിൽ രത്തൻ ഖേൽക്കര്‍ വ്യക്തമാക്കി. ബിഎൽഒമാരുടെ പരിശീലനക്കുറവ് പരിഹരിക്കുമെന്നും പ്രവാസി വോട്ടര്‍മാരുടെ ആശങ്ക അകറ്റാൻ യോഗം വിളിക്കണമെന്ന് നോര്‍ക്കയോട് വീണ്ടും ആവശ്യപ്പെടുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam