മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇതോടെ രാഹുൽ ഗാന്ധി, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവർ നേർക്കുനേർ പോരിലായി

ദില്ലി: ലോക്‌സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. ബി ജെ പി എം പി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി. മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു. എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. എങ്കിലും രാഹുൽ ഗാന്ധി പ്രസംഗം തുടരാൻ ശ്രമിച്ചു.

രാഹുൽ-ഷാ-സിംഗ് നേർക്കുനേർ

രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി. ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേർക്കുനേർ പോരിന് കൂടിയാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. ഇതിനിടെ കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തു. ചർച്ചയുടെ നിയമങ്ങൾ ഇതാണെങ്കിൽ നാളെ പ്രധാനമന്ത്രി സംസാരിക്കുമ്പോഴും സമാനമായ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി. ബഹളത്തെത്തുടർന്ന് സഭാ നടപടികൾ പലതവണ തടസ്സപ്പെട്ടു.

സഭയിൽ നടന്നത്

ലോക്‌സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്കിടെ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെ തേജസ്വി സൂര്യ ചോദ്യം ചെയ്തതോടെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിരിച്ചടിച്ചത്. മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പരാമർശങ്ങൾ കാരവൻ മാഗസിൻ ഉദ്ധരിച്ച് വായിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. പുസ്തകം പ്രകാശിതമല്ലാത്തതിനാൽ സഭയിൽ ഉദ്ധരിക്കാനാവില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും ആവർത്തിച്ചു തടസ്സമുന്നയിച്ചതോടെ സഭ പ്രക്ഷുബ്ധമായി. വസ്തുതാപരമായ കാര്യങ്ങളാണ് താൻ പറയുന്നതെന്നും രാജ്യസ്‌നേഹത്തെക്കുറിച്ച് ആരോപണമുന്നയിക്കുന്നവർക്കുള്ള മറുപടിയാണിതെന്നും രാഹുൽ തിരിച്ചടിച്ചു. ചർച്ചയ്ക്കിടെ പലതവണ രാഹുലിന്റെ മൈക്ക് ഓഫാക്കിയ സ്പീക്കർ ഓം ബിർള, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ ഇല്ലാത്ത കാര്യങ്ങളും ഔദ്യോഗികമായി പുറത്തിറങ്ങാത്ത രേഖകളും സഭയിൽ ഉന്നയിക്കാനാവില്ലെന്ന് റൂളിംഗ് നൽകി. എന്നാൽ താൻ എന്ത് പറയണമെന്ന് സ്പീക്കറാണോ തീരുമാനിക്കുന്നതെന്നും ചൈനയെക്കുറിച്ചും പാക്കിസ്ഥാനെക്കുറിച്ചും പ്രതിപക്ഷത്തിന് മിണ്ടാനാവില്ലേയെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. ഇതാണ് നയമെങ്കിൽ നാളെ പ്രധാനമന്ത്രി സംസാരിക്കുമ്പോഴും സമാനമായ തടസ്സങ്ങൾ നേരിടുമെന്ന് കെ.സി. വേണുഗോപാലും മുന്നറിയിപ്പ് നൽകി. രാഹുലിന് സംസാരിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം തുടരുകയും അടുത്ത പ്രസംഗത്തിനായി അഖിലേഷ് യാദവിനെ സ്പീക്കർ വിളിക്കുകയും ചെയ്തതോടെ സഭയിൽ വൻ പ്രതിഷേധം അലയടിച്ചു. ഒടുവിൽ, രാഹുൽ ഉന്നയിച്ച വിവരങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് അമിത് ഷാ നാലാം തവണയും എഴുന്നേറ്റ് ആവശ്യപ്പെട്ടതോടെ സഭാനടപടികൾ പൂർണ്ണമായും സ്തംഭിക്കുകയും സ്പീക്കർ സഭ മൂന്ന് മണിവരെ നിർത്തിവയ്ക്കുകയും ചെയ്തു.