
വയനാട്: സഭാ അധികൃതരുടെ നടപടിയില്‍ മാര്‍പാപ്പയ്ക്ക് കത്തയച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും റോമിലെത്തി നേരിട്ട് വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രാങ്കോ കേസിൽ കേസിൽ ഇരയാക്കപ്പെട്ട സിസ്റ്റർമാർക്ക് പിന്തുണ നൽകണം. അവർക്കെതിരെയുള്ള നടപടികൾ പിൻവലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയതിന് പിന്നാലെയാണ് മാര്‍പാപ്പയ്ക്ക് കത്തയച്ചിരിക്കുന്നത്.
സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പൗരസ്ത്യ തിരുസംഘത്തിന് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ അപ്പീല്‍ അയച്ചിരുന്നു. സഭയ്ക്കെതിരായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സഭയില്‍നിന്നു പുറത്താക്കികൊണ്ടുള്ള നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സിസ്റ്റര്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍ അപ്പീല്‍ നല്‍കി രണ്ടുമാസം പിന്നിട്ടപ്പോള്‍ സിസ്റ്ററുടെ ആവശ്യം തള്ളിക്കൊണ്ട് സഭ മറുപടി നല്‍കി.
ഇതിന് പിന്നാലെ ഒരു കാരണവശാലും മഠത്തില്‍നിന്നും ഇറങ്ങില്ലെന്നും വത്തിക്കാനിലെ ഉന്നത സഭാഅധികൃതർക്ക് വീണ്ടും അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ദാരിദ്ര്യവൃതം ലംഘിച്ചു, ചുരിദാർ ധരിച്ചു, ചാനല്‍ ചർച്ചകളില്‍ പങ്കെടുത്തു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യസ്‍ത സഭ വയനാട് കാരയ്ക്കാമല മഠത്തിലെ കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റർ ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കിയത്. മെയ് പതിനൊന്നിന് ദില്ലിയില്‍ സാഭ അധികൃതർ യോഗം ചേർന്നെടുത്ത തീരുമാനം ആഗസ്റ്റ് 7 നാണ് സിസ്റ്റർ ലൂസി കളപ്പുരയെ ഔദ്യോഗികമായി അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam