'ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ല', പൊട്ടിത്തെറിച്ച് വാളയാറിലെ പെൺകുട്ടികളുടെ അമ്മ

By Web TeamFirst Published Oct 27, 2019, 1:53 PM IST
Highlights

വാളയാർ കേസില്‍ പൊലീസ് ഇനി അപ്പീൽ പോവുന്നതിലും അന്വേഷിക്കുന്നതിലും കാര്യമില്ലെന്ന് മരിച്ച പെൺകുട്ടികളുടെ അമ്മ.

പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായ ദളിത് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷിച്ചിട്ട് ഇനി കാര്യമില്ലെന്ന് പെൺകുട്ടികളുടെ അമ്മ. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ പോകുന്നതിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രതികളെ വെറുതെ വിട്ടതിൽ അന്വേഷണ സംഘത്തിനെതിരെ ആരോപണം ശക്തമായിരിക്കെ അപ്പീൽ നല്‍കാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് പെണ്‍കുട്ടികളുടെ അമ്മയുടെ വിമര്‍ശനം. യഥാർത്ഥകുറ്റവാളികളെ ശിക്ഷിക്കാൻ പൊലീസ് അന്വേഷണം പോരെന്നാണ് പെൺകുട്ടികളുടെ അമ്മ പറയുന്നത്. മൂന്ന് വർഷം അന്വേഷിച്ചിട്ടും പ്രതികൾക്ക് ശിക്ഷവാങ്ങിനൽകാൻ കഴിയാത്ത പൊലീസിൽ വിശ്വാസമില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. പൊലീസ് വീണ്ടുമന്വേഷിച്ചാൽ രാഷ്ടീയ ഇടപെടൽ  ഉണ്ടായേക്കുമെന്നും ഇവർക്ക് ആശങ്കയുണ്ട്. 

അതേസമയം, അന്വേഷണത്തിലെ പാളിച്ചകളും തെളിവും മൊഴിയും കണ്ടെത്തുന്നതിലെ പിഴവുമാണ് മൂന്ന് പ്രതികളെയും വെറുതെ വിടാൻ കാരണമെന്ന് ആരോപണമുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അപ്പീൽ പോകുന്നത്. പൂർണ വിധിപ്പകർപ്പ് കിട്ടിയ ശേഷമാകും തുടർനടപടികൾ. പുനരന്വേഷണം തത്ക്കാലം വേണ്ടെന്നാണ് പൊലീസ് നിലപാട്.

കേരളത്തിന്‍റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ മരണം. ഒക്ടോബർ 25-നാണ് കേസിലെ മൂന്ന് പ്രതികളെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം കേസിൽ അഞ്ച് പ്രതികൾ ഉണ്ടായിരുന്നു. വിചാരണ വേളയിൽത്തന്നെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമാണ്. 

വെറുതെ വിട്ട മൂന്നാം പ്രതിക്ക് വേണ്ടി ആദ്യം ഹാജരായത് അഡ്വ. എൻ രാജേഷായിരുന്നു. വിചാരണ വേളയിൽ ഇദ്ദേഹത്തെ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കിയത് രാഷ്ട്രീയ ഇടപെടലെന്നാണ് ആരോപണം. ഇത് വിവാദമായതോടെ ഇദ്ദേഹം കേസ് മറ്റ് അഭിഭാഷകർക്ക് കൈമാറി. സാങ്കേതിക കാരണങ്ങളുടെ പേരിൽ രണ്ടുതവണ പബ്ലിക് പ്രോസിക്യൂട്ടറും മാറിയിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ശാസ്ത്രീയ തെളിവ് ശേഖരിക്കുന്നതിലും കൃത്യമായ മൊഴിയെടുക്കുന്നതിലും അന്വേഷണ സംഘത്തിന് വീഴ്ച പറ്റി.

2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ആദ്യ മരണത്തിൽ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.

click me!