പിണറായി പാർട്ടിയെ നിയന്ത്രിക്കുന്നെന്ന് പറയുന്നത് സിപിഎമ്മിന്റെ ഘടന അറിയാത്തവർ: സീതാറാം യെച്ചൂരി

By Web TeamFirst Published May 25, 2021, 9:01 AM IST
Highlights

ജനറൽ സെക്രട്ടറിയായിരുന്ന സുർജീത് സിങിന്റെ പിന്തുണ ഉണ്ടായിട്ട് കൂടി ജ്യോതി ബസു പ്രധാനമന്ത്രിയായില്ല. ഇതിന് കാരണം പാർട്ടിയിലെ ഭൂരിപക്ഷ നിലപാടാണ്

ദില്ലി: പിണറായി വിജയൻ പാർട്ടിയെ നിയന്ത്രിക്കുന്നെന്ന് ആരോപിക്കുന്നവർ സിപിഎമ്മിന്റെ ഘടന അറിയാത്തവരെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈക്കമാന്റ് സംസ്കാരം അംഗീകരിക്കുന്നവരാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഇത് തന്നെയാണ് ഭൂരിഭാഗം പാർട്ടികളുടെയും രീതി. എന്നാൽ സിപിഎമ്മിന്റേത് തീർത്തും വ്യത്യസ്തമായ ഒന്നാണ്. വ്യക്തിക്ക് മുകളിലാണ് കൂട്ടായ്മ. ജനറൽ സെക്രട്ടറിയുടെ നിലപാട് തന്നെ എത്ര തവണ ഭൂരിപക്ഷ അഭിപ്രായത്തിൽ തള്ളപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

ജനറൽ സെക്രട്ടറിയായിരുന്ന സുർജീത് സിങിന്റെ പിന്തുണ ഉണ്ടായിട്ട് കൂടി ജ്യോതി ബസു പ്രധാനമന്ത്രിയായില്ല. ഇതിന് കാരണം പാർട്ടിയിലെ ഭൂരിപക്ഷ നിലപാടാണ്. പാർട്ടി എന്താണെന്ന് മനസിലാകാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്. 

കേരളത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ബിജെപിക്ക് എതിരായാണ് ഭൂരിഭാഗം പേരും വോട്ട് ചെയ്തത്. ബിജെപിക്കെതിരെ കൂടുതൽ ജയസാധ്യതയുള്ളവരെ ജനം പിന്തുണച്ചു. ബംഗാളിൽ ശരിക്കുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. സിപിഎം പുതുമുഖങ്ങളെയും പുതുരക്തങ്ങളെയുമാണ് പാർട്ടി സ്ഥാനാർത്ഥികളാക്കിയത്. അവർ തന്നെയാണ് പാർട്ടിയുടെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.

കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടെന്ന തീരുമാനം സംസ്ഥാന കമ്മിറ്റിയാണ് എടുത്തത്. ഇത് ഐകകണ്ഠേനയെടുത്ത തീരുമാനമാണ്. ശൈലജയ്ക്ക് ഇളവ് നൽകിയിരുന്നെങ്കിൽ മറ്റുള്ളവർക്കും നൽകേണ്ടി വരുമായിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!