Asianet News MalayalamAsianet News Malayalam

വി എസ് എന്ന രാഷ്ട്രീയ നേതാവ്, പ്രായം തളര്‍ത്താത്ത പോരാളി

1946 -ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്‍ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന സമരത്തിന് നേരെ പട്ടാളവെടിവെപ്പുണ്ടായി. 

vs Achuthanandan birth day
Author
Thiruvananthapuram, First Published Oct 20, 2019, 3:29 PM IST

1923 ഒക്ടോബര്‍ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ വളര്‍ത്തുന്നത് സഹോദരിയാണ്. ഇന്നദ്ദേഹത്തിന് 96 വയസ്സ് തികയുന്നു. എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം കാണിച്ച ധൈര്യവും ആര്‍ജ്ജവവുമാണ് അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമര്‍ശകരേയും നല്‍കിയതും. ഈ 96 -ാമത്തെ വയസ്സിലും തനിക്ക് പറയാനുള്ള കാര്യങ്ങളില്‍ ഒരു വ്യക്തതക്കുറവും കാണിക്കുന്നില്ല അദ്ദേഹം. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയപ്രശ്നങ്ങളിലെല്ലാം ഇടപെടുന്നതിലും അവയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ജനസമ്മതി നേടിക്കൊടുത്തിരുന്നു. ഒരുപക്ഷേ, ഇന്ന് ജീവിച്ചിരിക്കുന്നവരിലേറ്റവുമധികം ജനസമ്മതിയുള്ള നേതാവും അദ്ദേഹമായിരിക്കാം. 

vs Achuthanandan birth day

പതിനൊന്നാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടമായതോടെ പഠനം നിര്‍ത്തേണ്ടിവന്നു വി എസിന്. പിന്നെ, ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയിൽ ജോലി നോക്കി കുറേനാള്‍. അതിനുശേഷം കയർ ഫാക്ടറിയില്‍ ജോലിക്ക് കയറി വി എസ് . ഒരു തൊഴിലാളി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവിടെവെച്ചാണ് അദ്ദേഹം കണ്ടും അനുഭവിച്ചും മനസിലാക്കുന്നത്. അച്ഛന്‍റെയും അമ്മയുടേയും മരണം വി എസ്സിനെ ഒരു നിരീശ്വരവാദിയാക്കിയിരുന്നു. നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായ വി എസ് 1938 -ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായതോടെ 1940 -ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത് 1980-92 കാലഘട്ടത്തിലാണ്. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായി. 2006 മെയ്‌ 18 -ന്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെയാണ് 2007 മെയ് 26 -ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കുന്നത്. തല്‍ക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12 -ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യുകയുണ്ടായി. 

1946 -ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്‍ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന സമരത്തിന് നേരെ പട്ടാളവെടിവെപ്പുണ്ടായി. അന്നത്തെ സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി എസ്. അന്ന് ഒളിവില്‍ കഴിയേണ്ടിവന്നു വി എസ്സിന്. പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു അന്ന് വി എസ്സ്. പക്ഷേ, പിന്നീട് പൂഞ്ഞാറില്‍നിന്ന് അറസ്റ്റിലായി. എന്നാല്‍, പാര്‍ട്ടിയെ കുറിച്ചോ നേതാക്കളെ കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കടുത്ത ക്രൂരതകളനുഭവിക്കേണ്ടിവന്നു വി എസിന്. അവസാനം ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കുകയായിരുന്നു പൊലീസ്. 

വിജയം മാത്രമല്ല പരാജയവും നിരവധി തവണയറിഞ്ഞിട്ടുണ്ട് പാര്‍ലമെന്‍ററി ജീവിതത്തില്‍ വി എസ് അച്യുതാനന്ദന്‍. 1965-ൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തോൽ‌വിയായിരുന്നു ഫലം. ആദ്യത്തെ മത്സരവുമായിരുന്നു അദ്ദേഹത്തിനത്. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്ക് അദ്ദേഹം തോറ്റു. എന്നാല്‍, 67-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് അദ്ദേഹം നിയമസഭാംഗമായി. 70 -ൽ ആർ എസ് പിയിലെ കെ കെ. കുമാരപിള്ളയെ വി എസ് തോൽപ്പിച്ചു. എന്നാൽ, 77-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് തോല്‍വിയേറ്റുവാങ്ങേണ്ടിവന്നു. പിന്നെ നീണ്ട ഇടവേളയെടുത്തു. ശേഷം 91-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്ക് തോല്‍പ്പിച്ചുകളഞ്ഞു വി എസ്സ്. 96 -ൽ മാർക്സിസ്റ്റു പാർട്ടിയുടെ കോട്ടയെന്ന് തന്നെ വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് തോല്‍ക്കേണ്ടിവന്നു വി എസിന്. സ്വന്തം പാര്‍ട്ടിയിലെത്തന്നെ ഒരു വിഭാഗമാണ് അദ്ദേഹത്തിന്‍റെ തോല്‍വിക്ക് പിന്നിലെന്ന് പിന്നീട് തെളിഞ്ഞു. പക്ഷേ, അതോടെ വി എസ്സിന് ഒരു ശക്തമായ പിന്തുണ കിട്ടിത്തുടങ്ങി. 2001-ൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചപ്പോള്‍ ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. 2006-ൽ ഇതേ മണ്ഡലത്തിൽ മുന്നത്തെ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് തന്നെ അദ്ദേഹം തോല്‍പ്പിച്ചു. 

2006 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ വി എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തന്നെയായിരുന്നു കാരണം. എന്നാല്‍, വി എസ്സ് തന്നെ മുഖ്യമന്ത്രിയായി. നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരെ എടുത്ത് പ്രയോഗിക്കപ്പെടാറുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ജനകീയതയ്ക്ക് മാത്രം കോട്ടം തട്ടിയിരുന്നില്ല. ഈ പ്രായത്തിലും അദ്ദേഹം പറയുന്ന വാക്കുകള്‍ക്ക് കാതോര്‍ക്കുന്നുണ്ട് രാഷ്ട്രീയ കേരളം. അദ്ദേഹത്തിന്‍റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുകയും. കേരള രാഷ്ട്രീയത്തിലെ പ്രായമാകാത്ത ശബ്ദത്തിന് പിറന്നാള്‍ ആശംസകള്‍.

Follow Us:
Download App:
  • android
  • ios