ഗുരുവിനെ പാര്‍ശ്വവത്കരിക്കാൻ ശ്രമം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശിവഗിരി മഠം ജനറൽ സെക്രട്ടറി

By Web TeamFirst Published Dec 30, 2019, 11:46 AM IST
Highlights
  • എൺപത്തിയേഴാമത് ശിവഗിരി തീർത്ഥാടനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു
  • പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സാന്ദ്രാനന്ദ

വ‍ര്‍ക്കല: സംസ്ഥാന സ‍ര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശിവഗിരി മഠം ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ. ശ്രീനാരായണ ഗുരുവിനെ പാര്‍ശ്വവത്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി അദ്ദേഹം വിമര്‍ശിച്ചു. ശിവഗിരി തീര്‍ത്ഥാടന കാലത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് അവധി നല്‍കാതിരുന്നതാണ് വിമര്‍ശനത്തിന് കാരണം.

"ഇപ്രാവശ്യവും ഡിസംബ‍ര്‍ 31, 31, ജനുവരി ഒന്ന് തീയതികളിൽ അവധി തന്നിട്ടില്ല. അതിന്റെയൊരു വിഷമമുണ്ട്, ദു:ഖമുണ്ട്. ഇന്നും നാളെയും മറ്റന്നാളുമൊക്കെ പരീക്ഷകളടക്കം നിശ്ചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് മനസിലാക്കുന്നത് ഗുരുവിനെ ഒന്ന് പാര്‍ശ്വവത്കരിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമം നടക്കുന്നുണ്ട് എന്നുള്ളതാണ്," സാന്ദ്രാനന്ദ പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയിലാണെന്നും അതിനാൽ ഈ വിഷയത്തിൽ മഠം അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എൺപത്തിയേഴാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കമായി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. തീർത്ഥാടനത്തിന്‍റെ ഭാഗമായുള്ള പദയാത്രകൾ ഇന്നലെ ശിവഗിരിയിൽ എത്തി. 

തീർത്ഥാടനം കണക്കിലെടുത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയിൽ ഓരോ പാസഞ്ചർ ട്രെയിൻ സ്പെഷ്യൽ സർവ്വീസ് നടത്തും. നാളെ രാവിലെയാണ് തീർത്ഥാടന ഘോഷയാത്ര. ജനുവരി ഒന്നിന് തീർത്ഥാടനം അവസാനിക്കും. ഉദ്ഘാടന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. 

click me!