പൗരത്വ നിയമഭേദഗതി: ബിജെപിയിൽ നിന്ന് രാജിവച്ച് ബാഫഖി തങ്ങളുടെ കൊച്ചുമകൻ

Web Desk   | Asianet News
Published : Dec 30, 2019, 11:12 AM ISTUpdated : Dec 30, 2019, 01:14 PM IST
പൗരത്വ നിയമഭേദഗതി: ബിജെപിയിൽ നിന്ന് രാജിവച്ച് ബാഫഖി തങ്ങളുടെ കൊച്ചുമകൻ

Synopsis

മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ബാഫഖി തങ്ങളുടെ കൊച്ചു മകനായ സയ്യിദ് താഹ ബാഫഖി തങ്ങൾ ബിജെപിയിൽ ചേർന്നത് അഞ്ച് മാസം മുമ്പാണ്. 

കോഴിക്കോട്: പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്ന് രാജി വച്ച് ന്യൂനപക്ഷ മോർച്ചാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സയ്യിദ് താഹ ബാഫഖി തങ്ങൾ. മുസ്ലിം ലീഗിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റും സംസ്‌ഥാന പ്രസിഡന്‍റുമായിരുന്ന സയ്യിദ്‌ അബ്‌ദു റഹിമാന്‍ ബാഫഖി തങ്ങളുടെ മകന്‍റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്‌റ്റിന്‍റെ ചെയര്‍മാന്‍ കൂടിയാണ്. മുസ്ലിം ലീഗ് അംഗത്വം രാജി വച്ച് അഞ്ച് മാസം മുൻപ്, 2019 ഓഗസ്റ്റിലാണ് താഹ ബാഫഖി തങ്ങൾ ബിജെപിയിൽ ചേർന്നത്.

ന്യൂനപക്ഷങ്ങളെ കൂടുതൽ പാർട്ടിയിലേക്കെത്തിക്കും എന്ന പ്രഖ്യാപനവുമായി കോഴിക്കോട് സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ എം അബ്ദുൾ സലാം അടക്കമുള്ളവർ അന്ന് ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. ഇവർക്ക് പുറമേ മുന്‍ സേവാദള്‍ നേതാവ് മുഹമ്മദ് ഷിയാസ്, ആം ആദ്മി പാര്‍ട്ടി നേതാവ് ഷെയ്ഖ് ഷാഹിദ് തുടങ്ങി വിവിധ സംഘടനകളിലും പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചിരുന്നവരും അന്ന് ബിജെപിയില്‍ അംഗത്വമെടുത്തു. ദേശീയ നേതൃത്വവും കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരുന്നതാണ്.

എന്നാൽ ഇതിന് ശേഷം വന്ന പൗരത്വ നിയമഭേദഗതി വരികയും, ഇതിനെതിരെ രാജ്യത്ത് ജനരോഷം ഇരമ്പുകയും ചെയ്തതോടെയാണ് സംസ്ഥാന ബിജെപിയിലും നിയമഭേദഗതിയെച്ചൊല്ലിയുള്ള ഭിന്നത മറ നീക്കി പുറത്തുവരുന്നത്. 

''ഞാനൊരു പൂർണ ഇസ്ലാം മത വിശ്വാസിയാണ്. എന്ന് കരുതി മറ്റ് മതക്കാരുമായി എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുമില്ല. എനിക്ക് മറ്റ് മതക്കാരുമായി നല്ല ബന്ധം തന്നെയാണുള്ളത്. മുസ്ലിം സമുദായം പക്ഷേ ഇന്ന് പരിഭ്രാന്തിയിലാണ്. എന്നിട്ടും കേന്ദ്രസർക്കാർ ഒരു സർവകക്ഷിയോഗം പോലും വിളിക്കുന്നില്ല. ഈ പരിഭ്രാന്തിക്ക് മറുപടി നൽകുന്നുമില്ല. അതുകൊണ്ട് എന്‍റെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാർട്ടിയിൽ നിൽക്കാൻ എനിക്ക് താത്പര്യമില്ല. ഒന്നു രണ്ടാഴ്ച ഞാൻ എന്തെങ്കിലും തരത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കുമോ, സർവകക്ഷിയോഗം വിളിക്കുമോ എന്നെല്ലാം കാത്തിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. നമ്മുടെ രാജ്യത്ത് പല അക്രമങ്ങളും ഇതിന്‍റെ പേരിൽ നടക്കുകയാണ്. രാജ്യസഭയിലും ലോക്സഭയിലും ബില്ല് പാസ്സായി എന്ന് കരുതി, ജനങ്ങളുടെ വികാരം കണക്കെടുക്കാതിരിക്കുന്നത് എന്ത് നീതിയാണ്?  അതും ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ വികാരം തീരെ കണക്കിലെടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പാർട്ടിയിൽ നിന്ന് രാജി വയ്ക്കാനാണ് എന്‍റെ തീരുമാനം'', എന്ന് താഹ ബാഫഖി തങ്ങൾ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം
ജനുവരി 1 എങ്ങനെ 'ന്യൂ ഇയ‍‌ർ' ആയി? അധിവ‌‍‍ർഷത്തിൽ ശരിക്കും ഫെബ്രുവരി 29 ഉണ്ടോ?