മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍: സമീപവാസികള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും

By Web TeamFirst Published Dec 30, 2019, 11:37 AM IST
Highlights

ഫ്ലാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചുതീരുമ്പോള്‍ ഈ കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍‍ കേടുപാടുകളുണ്ടാകുമെന്ന ആശങ്കയും നാട്ടുകാരില്‍ ശക്തമാണ്

കൊച്ചി:മരടിലെ ഫ്ലാറ്റുകള്‍ക്ക് സമീപത്തുള്ള കുടുംബങ്ങള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക പരിഹരിക്കാത്തതിനെ തുടര്‍ന്നാണിത്. ഫ്ലാറ്റുകള്‍ പൊളിച്ചശേഷവും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ മാസങ്ങളെടുക്കുമെന്നതും ഇവരെ പേടിപ്പെടുത്തുന്നു.

മരടിലെ ഫ്ലാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല‍്‍ വീണിരുന്നു. ഫ്ലാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചുതീരുമ്പോള്‍ ഈ കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍‍ കേടുപാടുകളുണ്ടാകുമെന്ന ആശങ്കയും നാട്ടുകാരില്‍ ശക്തമാണ്. ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങളുണ്ട്. 

ഈ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച നാട്ടുകാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പുതുവത്സരദിനത്തില്‍ പട്ടിണി സമരത്തിനൊരുങ്ങുന്നത്. ഫ്ലാറ്റുകള്‍ പൊളിച്ചുകഴിഞ്ഞാലും അവശിഷ്ടങ്ങള്‍ മാറ്റാൻ രണ്ട് മാസത്തിലേറെ എടുത്തേക്കും. പ്രത്യേകിച്ചും ആല്‍ഫാ ഇരട്ട ടവറുകളുടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാൻ.

 ഈ സമയം രൂക്ഷമായ പൊടിശല്യമുണ്ടാകും. ഇവിടെ താമസിക്കുക ദുഷ്കരമാകും. മാറിനില്‍ക്കാൻ ആരെയും നിർബന്ധിക്കില്ലെന്നാണ് സബ്കളക്ടർ സ്നേഹില്‍കുമാർ പറയുന്നത്. തങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ ശ്കതമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

click me!