വർക്കല, ശിവഗിരി: എൺപത്തിയേഴാമത് ശിവഗിരി തീർത്ഥാടനം ഇന്ന് തുടങ്ങും. രാവിലെ പത്ത് മണിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തീർത്ഥാടനത്തിന്‍റെ ഭാഗമായുള്ള പദയാത്രകൾ ഇന്നലെ ശിവഗിരിയിൽ എത്തി.
തീർത്ഥാടനം കണക്കിലെടുത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയിൽ ഓരോ പാസഞ്ചർ ട്രെയിൻ സ്പെഷ്യൽ സർവ്വീസ് നടത്തും. നാളെ രാവിലെയാണ് തീർത്ഥാടന ഘോഷയാത്ര. ജനുവരി ഒന്നിന് തീർത്ഥാടനം അവസാനിക്കും.
ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ ഒമ്പത് മണിക്കാണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുക. അതിന് ശേഷം കാർ മാർഗം ശിവഗിരിയിലേക്ക്. രാവിലെ 10 മണിക്കാണ് ഉദ്ഘാടന സമ്മേളനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിക്ക് അധ്യക്ഷത വഹിക്കും.
ഇത് കൂടാതെ രണ്ട് പരിപാടികളിൽക്കൂടി ഉപരാഷ്ട്രപതി ഇന്ന് പങ്കെടുക്കുന്നുണ്ട്. ആറ്റിങ്ങൽ തോന്നയ്ക്കലിലുള്ള സായി ഗ്രാമത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ എത്തുന്ന ഉപരാഷ്ട്രപതി, സത്യസായി ഓർഫനേജ് ട്രസ്റ്റിന്‍റെ രജതജൂബിലി ആഘോഷത്തിന്‍റെ മുഖ്യാതിഥിയാകും. വൈകിട്ട് നാല് മണിക്ക് മാർ ഇവാനിയോസ് ക്യാമ്പസിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് 5.30-നാണ് അദ്ദേഹം തിരികെ ഹൈദരാബാദിലേക്ക് മടങ്ങുക. ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് രാവിലെ ഒമ്പത് മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണവും ക്രമീകരണവും ഉണ്ടാകുമെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam