ഇഡി കേസിലെ ശിവശങ്കറിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്, വിജിലൻസ് ചോദ്യം ചെയ്യാൻ അനുമതി തേടും

By Web TeamFirst Published Nov 17, 2020, 6:47 AM IST
Highlights

ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറെ ജയിലിൽ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സംഘം എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിൽ ഇന്ന്  ഹര്‍ജി നല്‍കും

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍  എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.  കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കോടതിയില്‍ നടത്തിയ വാദങ്ങള്‍ക്ക്  പുറമേ കൂടുതല്‍  വാദങ്ങള്‍ ഇന്നലെ ശിവശങ്കര്‍  രേഖാമൂലം  നല്‍കിയിരുന്നു . കള്ളക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തതു കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ പറയുന്നു.  കള്ളക്കടത്തില്‍ ഒരു ബന്ധവുമില്ല. നയതന്ത്ര ബാഗ് വിട്ടു കൊടുക്കാന്‍ ഒരു കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ല. കസ്റ്റംസ് ഓഫീസറുടെ പേര് എ‍ന്‍ഫോഴ്സ്മെന്‍റ് പുറത്ത് വിടാത്തതും ഇത് കൊണ്ട് തന്നെയെന്ന് ശിവശങ്കര്‍ ആരോപിക്കുന്നു.

ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറെ ജയിലിൽ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സംഘം എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിൽ ഇന്ന്  ഹര്‍ജി നല്‍കും. കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്. കോഴപ്പണം നല്‍കാന്‍ സന്തോഷ് ഈപ്പന്‍ അനധികൃതമായി ഡോളര്‍ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട്, ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെ ഇന്ന് വിജിലൻസ് ചെയ്യും.

വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ നല്‍കിയതിന് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് ഖാലിദിന് 3.80 കോടി രൂപ കോഴ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ 3 ലക്ഷം ഡോളര്‍ ആക്സിസ് ബാങ്കിന്റെ  വൈറ്റില ശാഖ വഴിയാണ് വാങ്ങിയത്. വിദേശ നാണയ  ഇടപാടുകള്‍ നടത്തുന്നവരുമായി ചേര്‍ന്നാണ്  ബാങ്ക് ഉദ്യോഗസ്ഥര്‍ ഇത്രയും ഡോളര്‍  അനധികൃതമായി സംഘടിപ്പിച്ചതെന്നാണ്  കണ്ടെത്തിയിരിക്കുന്നത്.

click me!