
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെ വിഴിഞ്ഞം എം ഡി അദീല അബ്ദുള്ളയെ മാറ്റി. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരാണ് ഇനി വിഴിഞ്ഞം എംഡി. സോളിഡ് വെയിസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട് ഡയറക്ടറുടെ ചുമതലക്കൊപ്പമാണ് ദിവ്യക്ക് വിഴിഞ്ഞത്തിന്‍റെ ചുമതലകൂടി നൽകിയത്. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. അദീലക്ക് ഒരുപാട് വകുപ്പുകളുടെ ചുമതലയുള്ളത് കൊണ്ടാണ് മാറ്റമെന്നാണ് വിശദീകരണം.
സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ ഷിബു പത്തനംതിട്ട കളക്ടറാകും. ആലപ്പുഴ ജില്ലാ കളക്ടർ ഹരിതാ വി കുമാറിനെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി. ഭൂ ജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവേലാണ് ആലപ്പുഴ കളക്ടർ. മലപ്പുറം കളക്ടർ വിആർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറാക്കി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദാണ് മലപ്പുറം കളക്ടർ. കൊല്ലം കളക്ടർ അഫ്സാന പർവ്വീൺ ആണ് ഇനി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ഡയറക്ടർ ദേവീ ദാസാണ് കൊല്ലം കളക്ടർ. പ്രവേശന പരീക്ഷ കമ്മീഷണർ അരുൺ കെ വിജയനെ കണ്ണൂർ കളക്ടറാക്കി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ സ്നേഹിൽകുമാർ സിംങിനെ കോഴിക്കോട് കളക്ടറാക്കി നിയമിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam