Asianet News MalayalamAsianet News Malayalam

തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാൻ വിഴിഞ്ഞം തുറമുഖം; പുതിയ റോഡുകളടക്കം കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികൾ

തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയിൽപാത നിര്‍മ്മാണം കൊങ്കൺ റെയിൽ കോര്‍പറേഷൻ ഏറ്റെടുത്ത് കഴിഞ്ഞു. ചരക്ക് നീക്കത്തിനും അനുബന്ധ വാണിജ്യ സാധ്യതകൾക്കും അപ്പുറം ആയിരക്കണക്കിന് പേര്‍ക്ക് തൊഴിൽ സാധ്യത കൂടിയാണ് തെളിയുന്നത്.

Vizhinjam International Seaport  Huge development projects await included new roads nbu
Author
First Published Oct 13, 2023, 7:31 AM IST

തിരുവനന്തപുരം: കപ്പലടുപ്പിക്കാൻ തുറമുഖം ഒരുങ്ങിയതോടെ വിഴിഞ്ഞത്ത് മാത്രമല്ല തലസ്ഥാനത്തെ ആകെ കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികൾ. തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയിൽപാത നിര്‍മ്മാണം കൊങ്കൺ റെയിൽ കോര്‍പറേഷൻ ഏറ്റെടുത്ത് കഴിഞ്ഞു. ചരക്ക് നീക്കത്തിനും അനുബന്ധ വാണിജ്യ സാധ്യതകൾക്കും അപ്പുറം ആയിരക്കണക്കിന് പേര്‍ക്ക് തൊഴിൽ സാധ്യത കൂടിയാണ് തെളിയുന്നത്.

ഏറെ വൈകിയെങ്കിലും ഒന്നാംഘട്ട കമ്മീഷനിംഗിന് വിഴിഞ്ഞത്ത് കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. ആദ്യ കപ്പൽ വവരവിന്‍റെ ആവേശത്തിൽ രാവും പകലുമില്ലാതെ പണിനടക്കുകയാണ്. പടുകൂറ്റൻ മദര്‍ഷിപ്പുകളെത്തുമ്പോൾ ചരക്ക് നീക്കത്തിന് ഒരുക്കേണ്ട അനുബന്ധ സൗകര്യങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്. തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരത്തേക്ക് പണിയുന്നത് 10.7 കിലോമീറ്റര്‍ റെയിൽ പാതയാണ്. ഇതിൽ 9.43 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. 1154 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞത്തും ബാലരാമപുരത്തും ഭൂമിയേറ്റെടുക്കൽ പൂര്‍ത്തിയാക്കിയാൽ മൂന്നോ നാലോ മാസത്തിനകം കൊങ്കൺ റെയിൽ കോര്‍പറേഷൻ പണി തുടങ്ങും.

വിരലിലെണ്ണാവുന്ന ട്രെയിൻ മാത്രം വന്ന് പോകുന്ന സ്റ്റേഷനാണ് ഇന്ന് ബാലരാമപുരം. തുറമുഖം പൂര്‍ത്തിയാകുന്നതോടെ ചരക്ക് നീക്കത്തിന്റെ ഹബ്ബാകും ബാലരാമപുരം. റെയിൽവേ സ്റ്റേഷനും കടന്ന് വികസനമെത്തും, നാടാകെ മാറും. തുറമുഖത്ത് നിന്ന് തുടങ്ങി തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിലേക്ക് നീളുന്ന 1.8 കിലോ മീറ്റര്‍ റോഡിന്‍റെ പണിമുക്കാലും പൂര്‍ത്തിയായിക്കഴിഞ്ഞു. തുറമുഖത്ത് നിന്ന് റോഡ് മാര്‍ഗ്ഗം എത്തുന്ന കണ്ടെയ്നറുകൾ ദേശീയ പാതയിലേക്ക് വന്ന് കയറുന്നത് തലേക്കോട് ആണ്. ഇവിടെയും പണി പൂര്‍ത്തിയായിക്കഴിഞ്ഞു.

തുറമുഖം പൂര്‍ണ്ണമാകുന്നതോടെ 17000 തൊഴിലവസരം നേരിട്ടും അതിലേറെ ഇരട്ടി പരോക്ഷമായും ഉണ്ടാകുമെന്നാണ് പദ്ധതി രേഖ. ക്രെയിൻ സര്‍വ്വീസ് സെമന്ററുകളും കണ്ടെയ്നര്‍ സ്റ്റേറേജുകളും ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും അടക്കമുള്ള പ്രാദേശിക വികസനം മുതൽ വിനോദ സഞ്ചാര മേഖലയിൽ വരെ വൻ നേട്ടങ്ങളാണ് കണക്കുകൂട്ടുന്നത്. വിമാനത്താവള മാതൃകയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കാന്‍ 496 കോടി രൂപയുടെ പദ്ധതിയായിക്കഴിഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപടെര്‍മിനലായും വികസിപ്പിക്കാൻ 156 കോടി രൂപയുടെ പദ്ധതി വേറെയുമുണ്ട്. നാടിന്‍റെ സമഗ്ര വികസനത്തിന് ഒപ്പം ഖജനാവിലേക്ക് എത്തുന്ന നികുതിക്കണത്തിൽ സര്‍ക്കാരിനുമുണ്ട് കടലോളം ആഴത്തിൽ പ്രതീക്ഷ.

Latest Videos
Follow Us:
Download App:
  • android
  • ios