മുഖ്യമന്ത്രി പിണറായിയടക്കം 15 മന്ത്രിമാരുടെ സത്യപ്രതിജ്ഞ 'സഗൗരവം', വീണ ജോർജടക്കം ആറുപേർ ദൈവനാമത്തിലും

By Web TeamFirst Published May 20, 2021, 5:14 PM IST
Highlights

ആദ്യം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവം പ്രതിജ്ഞയെടുത്ത അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേറ്റു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സർക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൂർത്തിയായി. സത്യപ്രതിജ്ഞ ചെയ്ത 21 മന്ത്രിമാരിൽ ആറ് പേർ ദൈവനാമത്തിലും മറ്റുള്ളവർ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം രാജ്‌ഭവനിൽ ഗവർണറുടെ സത്കാരം ഏറ്റുവാങ്ങാനായി മന്ത്രിമാർ പോയി.

ആദ്യം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവം പ്രതിജ്ഞയെടുത്ത അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേറ്റു. തൊട്ടുപിന്നാലെ സിപിഐയിൽ നിന്നുള്ള കെ രാജനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. കേരള കോൺഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിനാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ അംഗം. ജെഡിഎസിന്റെ മന്ത്രി കെ കൃഷ്ണൻകുട്ടിയും ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലി.

എൻസിപിയുടെ അംഗം എകെ ശശീന്ദ്രൻ സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവര്‍കോവിൽ അള്ളാഹുവിന്റെ നാമത്തിൽ പ്രതിജ്ഞയെടുത്തു. പിന്നീട് വന്ന ആന്റണി രാജുവും വി അബ്ദുറഹ്മാനും ദൈവത്തിന്റെ നാമത്തിലാണ് സത്യം ചെയ്തത്. ശേഷം വന്ന ജിആർ അനിൽ, കെഎൻ ബാലഗോപാൽ, ആര്‍ ബിന്ദു, ചിഞ്ചുറാണി, എംവി ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻ കുട്ടി, വിഎൻ വാസവൻ എന്നിവർ സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. അവസാനമെത്തിയ വീണ ജോർജ്ജ് ദൈവത്തിന്റെ നാമത്തിലും പ്രതിജ്ഞയെടുത്തു.

സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഗവർണറുടെ ചായ സത്കാരം പതിവുള്ളതാണ്. ഇതിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തുമെന്നാണ് വിവരം. അതിൽ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

click me!