കെ സുരന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് നടപടി; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി

By Web TeamFirst Published Aug 7, 2021, 8:10 AM IST
Highlights

യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേരെയാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്.

കൊച്ചി: കൊടകര കള്ളപ്പണ വിഷയത്തിലടക്കം കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയില്‍ ബിജെപിയില്‍ അച്ചടക്ക നടപടി. യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേരെയാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നേതാക്കളുടെ കോലം കത്തിച്ചായിരുന്നു പുറത്താക്കിയവരുടെ പ്രതിഷേധം.

നിയമസഭാ തെരഞ്ഞെടുപ്പിനിടെ വലിയ പ്രതിഷേധങ്ങളാണ് ബിജെപിയില്‍ അരങ്ങേറിയത്. കൊടകര കള്ളപ്പണക്കേസ്, ശോഭ സുരേന്ദ്രന് നേരെയുള്ള അവഗണന തുടങ്ങിയ വിഷയങ്ങള്‍ ഉയ‍ത്തിക്കാട്ടി ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയരുന്നു. കെ സുരേന്ദ്രന്‍റെ പേരെടുത്ത് പറഞ്ഞും അദ്ദേഹത്തെ കോമാളിയാക്കി ചിത്രീകരിച്ചും എല്ലാം പോസ്റ്റുകള്‍ ഇറങ്ങി. തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റതോടെയാണ് കെ സുരേന്ദ്രന് അച്ചടക്കത്തിന്‍റെ വാളുമായി രംഗത്തിറങ്ങിയത്. ആദ്യഘട്ടമായി എറണാകുളം ജില്ലയില്‍ ആറ് പേരെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയത്.

കൊടകര കള്ളപ്പണക്കേസില്‍ സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ നിരവധി പോസ്റ്റുകളിട്ട യുവമോര്‍ച്ചാ മുന്‍സംസ്ഥാന സമിതി അംഗം ആര്‍ അരവിന്ദനാണ് ഇതിലൊരാള്‍. ബിജെപി ജില്ലാ മുന്‍ വൈസ് പ്രസി‍‍ന്‍റ് എം എന്‍ ഗംഗാധരന്‍, കോതമംഗലം മണ്ഡലം മുന്‍ പ്രസി‍ന്‍റ് പി കെ ബാബു, മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പുറത്താക്കിയത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിനേതാക്കള്‍ക്കതിരെ മണ്ഡലത്തില്‍ പോസ്റ്റര്‍ പതിച്ചതിനാണ് നടപടിയെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ സുതാര്യതയില്ലെന്നും വോട്ട് കച്ചവടം നടന്നുവെന്നും ഇവര്‍ പോസ്റ്ററുകളിലൂടെ ആരോപിച്ചിരുന്നു.

പുറത്താക്കിക്കൊണ്ടുള്ള കെ സുരേന്ദ്രന്‍റെ കത്ത് പുറത്ത് വന്നതോടെ കോതമംഗലത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടൗണില്‍ നേതാക്കളുടെ കോലം കത്തിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഏതൊക്കെ തരത്തിലുള്ള പ്രതിഷേധം ഉയര്‍ന്നാലും അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് നേൃത്വത്തിന്‍റെ നിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!