
തൃശ്ശൂർ:ഗുരുവായൂരിൽ അജ്ഞാത രൂപത്തെ തേടിയിറങ്ങിയ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക് ഡൌൺ ലംഘിച്ചു കൂട്ടമായി പുറത്തിറങ്ങിയതിനാണ് കേസ്. അജ്ഞത രൂപത്തെ പറ്റി വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു
ഇന്നലെ രാത്രിയാണ് അജ്ഞാത രൂപത്തെ അന്വേഷിച്ചു ഇറങ്ങിയ ആറ് പേരെ പൊലീസ് പിടികൂടിയത്. ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്ന ശ്രീരാജ്, അഭിഷേക്, അസ്‌ലം, ശരത്, സുനീഷ് ,രാഹുൽ രാജ് എന്നിവരാണ് പിടിയിലായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അജ്ഞത രൂപം പറന്നു നടക്കുന്നു എന്ന തരത്തിൽ പ്രചാരണം ഒരാഴ്ചയിൽ ഏറെ ആയി നടക്കുന്നുണ്ട്. ഇതിൽ അടിസ്ഥാനം ഇല്ലെന്നാണ് പോലീസിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ആണ് അജ്ഞത രൂപത്തെ തേടി ഇറങ്ങിയവർ പിടിയിലായത്.
അജ്ഞാത രൂപത്തിന്റെ വീഡിയോയോ ഫോട്ടോയോ ആർക്കും കിട്ടിയിട്ടില്ല. കൂട്ടം ചേർന്ന് പുറത്തിറങ്ങാൻ ഓരോരോ കാരണങ്ങൾ കണ്ടെത്തുകയാണ് നാട്ടുകാർ എന്നും പോലീസ് കരുതുന്നു. നേരത്തെ തൃശ്ശൂരിലെ തന്നെ കുന്നംകുളത്തും, കോഴിക്കോട്ടെ വട്ടക്കിണർ, ബേപ്പൂർ മേഖലകളിലും അജ്ഞാത രൂപത്തെ തേടി ജനങ്ങൾ രാത്രിയിൽ തെരച്ചിലിന് ഇറങ്ങുന്ന അവസ്ഥയുണ്ടായിരുന്നു.
ലോക്ക് ഡൗൺ ലംഘിച്ച് ജനങ്ങളെ പുറത്തിറക്കാന പ്രേരിപ്പിക്കുന്ന ഇത്തരം വ്യാജപ്രചാരങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇവയുടെ ഉറവിടം കണ്ടെത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam