
കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചിൽ ഊര്‍ജിതം. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംസ്ഥാന അതിർത്തികളിലും പൊലീസ്‍ തിരച്ചില്‍ തുടരുകയാണ്. വാഹന പരിശോധനയും നടത്തുന്നുണ്ട്. അതിനിടെ, ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ കുട്ടിയുടെ തിരോധാനത്തിൽ ഡിജിപിയോടും ജില്ലാ കലക്ടറോടും അടിയന്തര റിപ്പോർട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ദരും വിരലടയാള വിദഗ്ദരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് കാണാതായ ആറ് വയസ്സുള്ള ദേവനന്ദക്കായി തിരച്ചില്‍ നടത്തുന്നത്.
പൊലീസിൽ അറിയിക്കേണ്ട നമ്പർ: 0474-2566366, 9497947265, 9497906800
അടുത്ത ബന്ധുക്കള്‍, കുട്ടിയുടെ അമ്മ തുടങ്ങിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സമീപപ്രദേശത്തെ ആളൊഴിഞ്ഞ പറമ്പുകളിലും സമീപത്തെ പുഴയിലും തിരച്ചില്‍ തുടരാനാണ് പൊലീസ് തീരുമാനം. പരമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും മോബല്‍ ടവ്വറുകള്‍ കേന്ദ്രീകരിച്ചും സൈബർ വിദഗ്ദരുടെ സംഘം അന്വേഷണം തുടരുകയാണ്. സമീപവാസികളായ നാട്ടുകാരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷൻ, ബസ്സ് സ്റ്റാന്‍റ് എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കേരളത്തിലെ അതിർത്തി പ്രദേശങ്ങളില്‍ വാഹന പരിശോധനക്കും പൊലീസിന് നിർദ്ദേശം നല്‍കിയതായി കൊല്ലം സിറ്റിപൊലീസ് കമ്മീഷണർ അറിയിച്ചു. കുട്ടിയെ കാണാതായതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന തെറ്റായ സന്ദേശങ്ങളും സൈബർ പൊലീസ് നിരീക്ഷിച്ച് വരികയാണ്.
കുട്ടിയെ കാണാതായിട്ട് 19 മണിക്കൂറുകൾ പിന്നിടുന്നു
പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്ന് സ്കൂളിൽ നിന്ന് അവധിയെടുത്തത്.
കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. വിവിധ നിലയങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam