
കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ വീഴ്ചയുണ്ടായോ എന്നത് തലശ്ശേരി എസിപി അന്വേഷിക്കും. സംഭവം പരിശോധിക്കുമെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. പൊലീസിനെതിരായ ആരോപണം പരിശോധിക്കുമെന്ന് എഡിജിപി എം.ആർ.അജിത്ത് കുമാറും വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ ഇന്നലെ രാത്രി രാജസ്ഥാൻ സ്വദേശിയായ കുട്ടിയോട് അതിക്രമം കാണിച്ച മുഹമ്മദ് ഷിനാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഇന്ന് രാവിലെ 9 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി എടുത്തത്. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണവിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ആക്രമിക്കപ്പെട്ട കുട്ടി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാരാണ് മുഹമ്മദ് ഷിനാദിനെ തടഞ്ഞത്. ഇയാളെ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍, പൊലീസ് ഷിനാദിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുഹമ്മദ് ഷിനാദിനെ വിട്ടയച്ച പൊലീസ്, രാവിലെ എട്ടിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. സമീപത്തെ പാരലല്‍ കോളേജിന്‍റെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam