
കണ്ണൂര്‍: കൊവിഡ് ലോക്ഡൗൺ സമയത്ത് കേരളത്തിലേക്കുള്ള യാത്രയ്ക്ക്ടെ കർണ്ണാടക വനമേഖലയിൽ കാണാതായ ആളുടെ തലയോട്ടി കണ്ടെടുത്തു. മാക്കൂട്ടം ചുരം വഴി വരവെ കാട്ടിലകപ്പെട്ട് പോയ ഫെഡ്രിക് ബാർലയുടെ അസ്ഥികൂടമാണ് നാല് മാസത്തിന് ശേഷം കിട്ടിയത്. കൊവിഡിന്‍റെ തുടക്കം മുതൽ മാസങ്ങളോളം അടച്ചിട്ട കർണ്ണാടക കേരള അതിർത്തിയായ മാക്കൂട്ടം ചുരം കഴിഞ്ഞ ആഗസ്റ്റിലാണ് തുറന്നത്. കൂർഗിൽ അകപ്പെട്ടുപോയ ഒരു സംഘം ഇതര സംസ്ഥാന തൊഴിലാളികൾ റോഡ് തുറന്നതോടെ കണ്ണൂരേക്ക് ബസ്സിൽ എത്തിയിരുന്നു.
വനത്തിനുള്ളിൽ ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തിയപ്പോൾ സംഘത്തിലുള്ള ഫെഡ്രിക് ബാർലയെ കാണാതാവുകയായിരുന്നു. കർണ്ണാകട മേഖല ആയതിനാൽ വീരാജ് പേട്ട പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്ത് തിരിച്ചിൽ നടത്തി. പിന്നീട് സംഘം കണ്ണൂർ ഇരിട്ടിയിലെത്തി കേരള പൊലീസിനോടും ഈ വിവരം പറഞ്ഞു. കേരള പൊലീസും അന്വേഷിച്ചിറങ്ങിയെങ്കിലും വനാതിർത്തിയിലൂടെ ഒഴുകുന്ന ബാരാപോൾ പുഴ കരകവിഞ്ഞതിനാൽ തിരച്ചിൽ ദുഷ്കകരം ആയിരുന്നു.
ആളെ കാണാതായി നാല് മാസത്തിന് ശേഷമാണ് വനാതിർത്തിയിൽ ഒരു തലയോട്ടി കണ്ടകാര്യം നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പ്രദേശത്ത് പരിശോധിച്ചപ്പോൾ തലയോട്ടിയും തുടയെല്ലുകളുമാണ് കിട്ടിയത്. ജീൻസ് പാന്‍റിന്‍റെ അവശിഷ്ടത്തിൽ നിന്നും തിരിച്ചറിയൽ രേഖകളും കിട്ടി. ഒഡീഷ സുന്ദർഘർ ജില്ല സ്വദേശിയായ ഫെഡ്രിക് ബാർലയ്ക്ക് 45 വയസ് പ്രായമുണ്ട്.
ടെലിഫോൺ കമ്പനിയുടെ കരാറ് പണിക്കാരായി എത്തിയതായിരുന്നു ഒഡീഷയിൽ നിന്നുള്ള ഈ സംഘം. ഫൊറൻസിക് വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തി. അസ്ഥികൂടം കുടുതൽ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നും ഇരിട്ടി പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam