
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തിൽ നിന്നാണ് പുക ഉയരുന്നത്.
കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയിൽ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയിൽ നിന്ന് പുക ഉയര്‍ന്നത്.
നിലവിൽ ആറാം നിലയിൽ രോഗികളില്ല. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന ആറാം നിലയിലാണ് സംഭവം.
കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടന്നിരുന്നുവെന്നും ഇതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് പുക ഉയര്‍ന്നതെന്നും രോഗികള്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ആശങ്ക വേണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കെട്ടിടത്തിൽ നിന്ന് പൊട്ടിത്തെറിയുണ്ടായി തീപിടിച്ച് പുക ഉയര്‍ന്ന സംഭവത്തിന് പിന്നാലെ ഇവിടെയുള്ളവരെ മാറ്റിയിരുന്നു. നാളെ മുതൽ കെട്ടിടത്തിൽ വീണ്ടും ഓപ്പറേഷൻ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ന് പരിശോധന നടന്നത്. ഇതിന്‍റെ ഭാഗമായി ഓപ്പറേഷൻ തിയറ്റര്‍ അടക്കം പുനക്രമീകരിക്കുന്നതിനിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്.
നാലാം നിലയിലടക്കം ആളുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം വലിയ അപകടമുണ്ടായശേഷം മതിയായ പരിശോധന നടത്താതെ കെട്ടിടത്തിന്‍റെ നാലാം നിലയിലടക്കം രോഗികളെ പ്രവേശിപ്പിച്ചത് അനാസ്ഥയാണെന്നും തിരക്കിട്ട് വീണ്ടും കെട്ടിടം പ്രവര്‍ത്തിപ്പിക്കാൻ നോക്കിയത് വീഴ്ചയാണെന്നുമാണ് ഉയരുന്ന ആരോപണം.
ഇനി കുറച്ചു നാൾ പഴയ കെട്ടിടത്തിൽ! കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam