എസ്എന്‍സി ലാവലിന്‍ കേസ്; കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് അപേക്ഷ

By Web TeamFirst Published Aug 28, 2020, 2:54 PM IST
Highlights

 ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ
എസ്എൻസി ലാവ്ലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. 

ദില്ലി: എസ്എന്‍സി ലാവലിന്‍ കേസ് കോടതി തുറന്ന ശേഷം നേരിട്ട്  പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആര്‍ ശിവദാസന്‍ അപേക്ഷ നല്‍കി. തിങ്കളാഴ്‍ച കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ. 2017 ഓഗസ്റ്റിൽ കേസില്‍ നിന്നും പിണറായി വിജയൻ, ഉദ്യോഗസ്ഥരായിരുന്ന കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. കേസിൽ ഏറെ വൈകിയാണ് സിബിഐ സുപ്രീകോടതിയിൽ ഹര്‍ജി നൽകിയത്. പിണറായി വിജയൻ ഉൾപ്പടെയുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും തെളിവുകൾ ഹൈക്കോടതി വിശദമായി പരിശോധിച്ചില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. 

കേസ് പരിഗണിക്കുമ്പോൾ സിബിഐക്ക് വേണ്ടി കോടതിയിൽ എത്തുക സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയാകും. കേസിൽ അന്തിമവാദം കേൾക്കൽ വേഗത്തിലാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. 

അതേസമയം എസ്‍എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി പുതിയ ബെഞ്ചിലേക്ക് മാറ്റി.  ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ചിലേക്കാണ് ഇപ്പോൾ കേസ് മാറ്റിയിരിക്കുന്നത്. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ഇതുവരെ ലാവ്ലിൻ കേസ് പരിഗണിച്ചിരുന്നത്. അടുത്തവര്‍ഷം ഏപ്രിൽ മാസത്തിൽ ചീഫ് ജസ്റ്റിസാകാൻ പോകുന്ന ജഡ്ജിയാണ് ജസ്റ്റിസ് എൻ വി രമണ. 2022വരെ ജസ്റ്റിസ് രമണക്ക് സുപ്രീംകോടതിയിൽ കാലാവധിയുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയതെന്ന് വ്യക്തമല്ല.

click me!