എസ്എൻസി ലാവ്‌ലിൻ കേസ് പുതിയ ബെഞ്ചിലേക്ക്, കേസ് തിങ്കളാഴ്ച പരിഗണിക്കും

By Web TeamFirst Published Aug 27, 2020, 8:22 PM IST
Highlights

കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണെന്നെന്ന് ഹര്‍ജിയിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു

ദില്ലി: വിവാദമായ എസ്എൻസി ലാവ്ലിൻ അഴിമതി കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ മാറ്റം. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിൽ നിന്നും കേസ് രണ്ടംഗ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരൺ എന്നിവരാണ് കേസ് ഇനി പരിഗണിക്കുക. കേസിൽ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കും.

എസ്.എൻ.സി ലാവ് ലിൻ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണനയിലുള്ളത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണെന്നെന്ന് ഹര്‍ജിയിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രങ്ക അയ്യരും, ആര്‍. ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കസ്തൂരി രങ്ക അയ്യര്‍ ഉൾപ്പടെയുള്ളവരുടെ ഹര്‍ജികളിൽ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

click me!