
കോട്ടയം: വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് കുരിശിന്‍റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സമുദായത്തിന് വേണ്ടിയാണ് സംസാരിക്കരുതെന്നും തന്‍റെ കോലം അല്ല തന്നെ തന്നെ കത്തിച്ചാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു . മുസ്ലിം ലീഗ് എന്നത് മുസ്ലിം കൂട്ടായ്മയാണെന്ന് പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അവരാണ് തന്നെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയം രാമപുരത്ത് എസ്എൻഡിപി ശാഖ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
സമുദായത്തെപ്പറ്റിയും അവകാശങ്ങളെ പറ്റിയും സംസാരിക്കുമ്പോൾ എങ്ങനെ വര്‍ഗീയതയാകും?. സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. അല്ലാതെ എന്ത് തെറ്റാണ് ചെയ്തത്?. മലപ്പുറത്ത് കത്തിച്ചത് തന്‍റെ കോലം അല്ല, ഈഴവസമുദായത്തിന്‍റേ കോലമാണ് അവർ കത്തിച്ചത്. സാമൂഹിക നീതി എന്ന് പറഞ്ഞാൽ മാത്രം പോര.
അത് മലപ്പുറത്തും നടപ്പാക്കേണ്ടതാണ്. നമ്മുടെ കുട്ടികൾക്കും മലപ്പുറത്ത് പഠിക്കണ്ടേ. മതേതരത്വം പറയുന്ന ലീഗിന് അവരുടെ എംഎൽഎമാർ ആരെങ്കിലും മുസ്ലിം അല്ലാത്തതുണ്ടോ?. അവർ മന്ത്രിമാർ ആയിരുന്നപ്പോൾ മുസ്ലിം അല്ലാത്ത ആരെയെങ്കിലും സ്റ്റാഫിൽ എങ്കിലും വെച്ചിട്ടുണ്ടോ? മലപ്പുറം പ്രസംഗം അടക്കമുള്ള തന്‍റെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും സാക്ഷാൽ പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ആർ ശങ്കറിന്‍റെ കാലത്ത് 18 കോളേജുകൾക്ക് ലഭിച്ചു. സംസ്ഥാനത്ത് എസ്എൻഡിപിക്ക് 18 കോളേജുകൾ മാത്രമാണുള്ളത്. ലീഗിന്‍റെ കാലത്ത് 17 കോളേജുകൾ മലപ്പുറത്ത് മുസ്ലീം മാനേജുമെന്‍റുകള്‍ക്ക് നൽകിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
വികസന പ്രവത്തനങ്ങളിലും വിവേചനമുണ്ട്. പള്ളികളിലേക്ക് ഏഴടി വീതിയിൽ റോഡ് നൽകുമ്പോള്‍ നമ്മുടെ സ്ഥലങ്ങളിലേക്ക് നടപ്പാത മാത്രമാണ് അനുവദിക്കുന്നത്. രാജ്യത്തിന്‍റെ പണമാണ് എംഎൽഎ, എംപി ഫണ്ടുകള്‍. ഇതില്‍ വിവേചനം കാണിക്കുന്നത് ശരിയല്ല. രാജ്യത്തിന് 79 ാം സ്വതന്ത്ര്യം കിട്ടിയിട്ടും ഈഴവർക്ക് സ്വാതന്ത്ര്യമില്ല. വിദ്യാഭ്യാസ സ്വാതന്ത്ര്യമില്ല., രാഷ്ട്രീയ സാഹചര്യവുമില്ല.കോട്ടയത്ത് ആകെ ഒരാൾ അണ് സമുദായത്തിൽ നിന്നുള്ള എംഎൽഎ. ബാക്കിയെല്ലാം കുരിശിന്‍റെ വഴിയേ പോകുന്നർക്കാണ് സ്ഥാനം. ഈഴവ ഭൂരിപക്ഷമുള്ള ആലപ്പുഴയിലും സാമാന സ്ഥിതിയാണുള്ളത്.കോലം അല്ല എന്നെ തന്നെ കത്തിച്ചാലും ഞാൻ പറയേണ്ടത് പറയുക തന്നെ ചെയ്യും. ഇനിയും പറയുക തന്നെ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.