
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന. യൂണിയൻ ഓഫീസിനുള്ളിലാണ് മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൈക്രോ ഫിനാൻസ്, സ്കൂൾ നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് യൂണിയൻ ഭാരവാഹികൾ നൽകിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. മുപ്പതിലധികം പേജുള്ള കത്താണ് പുറത്ത് വന്നത്.
ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു മഹേശൻ. നിസ്വാർത്ഥ സേവനം നടത്തിയിട്ടും തനിക്ക് നിരവധി കേസുകൾ ഉണ്ടായി.
യൂണിയൻ പ്രവർത്തനങ്ങൾ എല്ലാം കൃത്യമായ കണക്കുകളോട് കൂടിയായിരുന്നു എന്നും കത്തിലുണ്ട്. മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററായ മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. നിലവിൽ 21 കേസുകൾ മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ക്രൈംബ്രാഞ്ചിന് മഹേശൻ നൽകിയ മറ്റൊരു കത്തും പുറത്തുവന്നു. കേസിൽ കുടുക്കിയാൽ ആത്മഹത്യ ചെയ്യുമെന്നാണ് കത്തിന്റെ ഉള്ളടക്കം. വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുത ഉണ്ടെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്നാണ് മഹേശൻ പറഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നൽകിയ കത്തിലാണ് ഈ പരാമർശങ്ങളുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam