
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമായിട്ടില്ലെങ്കിലും പാലക്കാട് മണ്ഡലത്തിൽ പ്രവർത്തനം സജീവമാക്കി ശോഭ സുരേന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച 'മെട്രോ മാൻ' ഇ ശ്രീധരന്‍റെ പൊന്നാനിയിലെ വീട്ടിലെത്തി സന്ദർശിച്ച ശോഭ, അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. തുടർന്ന് പാലക്കാട് ആർ എസ് എസ് കാര്യാലയത്തിലും കൊല്ലപ്പെട്ട ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ വീട്ടിലും അവർ സന്ദർശനം നടത്തി. ബി ജെ പിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ വൻ റാലിയോടെ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കാനാണ് ശോഭ സുരേന്ദ്രന്റെ നീക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരൻ കാഴ്ചവെച്ച മികച്ച മുന്നേറ്റം ആവർത്തിക്കുമെന്നും ഇക്കുറി വിജയം ഉറപ്പാണെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ബി ജെ പി ക്യാമ്പ്.
അതേസമയം വട്ടിയൂർക്കാവിൽ ചുവരെഴുതി മുൻ ഡിജിപി ആർ ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്. നർമ്മദ കോംപ്ലക്സിന് സമീപത്താണ് ചുവരെഴുതിയത്. വട്ടിയൂർക്കാവിലെ ബി ജെ പി സ്ഥാനാർത്ഥിത്വം നിഷേധിക്കാതെയാണ് ശ്രീലേഖ പ്രതികരിച്ചത്. നഗരസഭ കൗൺസിലർ ആയത് പാർട്ടി നിർദ്ദേശം അനുസരിച്ചാണെന്നും പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്നും ശ്രീലേഖ പറഞ്ഞു. ഇവിടെ ജയിക്കുകയും ചെയ്യും. ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വവും ബി ജെ പി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വട്ടിയൂർകാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബി ജെ പി നേതൃത്വം നിർദ്ദേശിച്ചിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖക്ക് മേയറാകാത്തതിൽ പരിഭവമുണ്ടായിരുന്നു. സമവായത്തിൻറെ ഭാഗമായി വട്ടിയൂർകാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. സിറ്റിംഗ് എം എൽ എ വി കെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ്, മണ്ഡലത്തിലെ മുൻ എം എൽ എയായിരുന്ന കെ മുരളീധരനെ ഇറക്കിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ വട്ടിയൂർകാവിൽ ശക്തമായ ത്രികോണപ്പോരിനാകും ഇക്കുറി കളമൊരുങ്ങുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam