
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി സാമൂഹ്യപ്രവർത്തക ധന്യാരാമൻ. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. പറമ്പിൽ പണിയെടുക്കാൻ വന്നവർക്ക് നിലത്ത് കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നു എന്ന പരാമർശത്തെ തുടർന്നാണ് പരാതി.
സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട വീഡിയോയിൽ കൃഷ്ണ കുമാറിന്റെ മാതാവ് തറയിൽ കുഴി കുഴിച്ചു പണിക്കെത്തിയവർക്ക് ആഹാരം കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുന്നുവെന്നും സംഭവം ഭരണഘടന നിലവിൽ വന്ന ശേഷവും 1955 ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് ഈ രാജ്യത്ത് നിലവിൽ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണെന്നും പരാതിയിൽ പറയുന്നു.
നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ പ്രവർത്തി ചെയ്തത് ശിക്ഷാർഹമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കൃഷ്ണകുമാറിന്റെ പരാമർശത്തിൽ ദുഖവും ഞെട്ടലും മാനസിക വേദനയും ഉണ്ടെന്നും കൃഷ്ണകുമാറും ബന്ധുക്കളും നടത്തിയ കുറ്റകൃത്യത്തിൽ പരാതിയുണ്ടെന്നും സംഭവത്തിന് കാരണകാരായ മുഴുവൻ പേർക്കെതിരെയും കർശനമായ നിയമ നടപടി കൾ സ്വീകരിക്കണമെന്നും പരാതിക്കാരി പറഞ്ഞു.
Read More.... 'പണിക്കാർക്ക് നിലത്ത് കുഴികുത്തി പഴങ്കഞ്ഞി നല്‍കി, കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നു'; കൃഷ്ണകുമാറിന് വിമർശനം
വീട്ടിൽ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാർക്ക് പഴങ്കഞ്ഞ് മുറ്റത്ത് കുഴികുത്തി ഇല വെച്ച് നൽകിയ അനുഭവം പറഞ്ഞ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന് സോഷ്യൽമീഡിയയിൽ വ്യാപക വിമർശനമുയര്‍ന്നിരുന്നു. ജോലിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെ വളരെ സാധാരണമെന്ന രീതിയിലാണ് കൃഷ്ണകുമാർ അവതരിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ അപ്‍ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശം നടത്തിയത്. വീട്ടിൽ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാർ കുഴിയിൽ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam