തലസ്ഥാനജില്ലയിൽ സിപിഎമ്മിന്റെ അധികാരസമാവാക്യങ്ങൾ മാറുകയാണ്. കടകംപള്ളിയും വി.ശിവൻകുട്ടിയും നിയന്ത്രിച്ചിരുന്ന ജില്ലയിൽ കരുത്തനായാണ് ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റിലെക്കെത്തുന്നത്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരുവനന്തപുരത്തു നിന്നും ആനാവൂർ നാഗപ്പൻറെ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു. സെക്രട്ടറിയേറ്റിലേക്കെത്തുമെന്ന് ഉറപ്പിച്ചിരുന്ന കടകംപള്ളി സുരേന്ദ്രനെയും എം വിജയകുമാറിനെയും ഒഴിവാക്കിയാണ് ജില്ലാ സെക്രട്ടറിയുടെ വരവ്. ആനാവൂരിൻറെ ഒഴിവിലേക്ക് പുതിയ ജില്ലാ സെക്രട്ടറിയെ ഉടൻ തെരഞ്ഞെടുക്കും

തലസ്ഥാനജില്ലയിൽ സിപിഎമ്മിന്റെ അധികാരസമാവാക്യങ്ങൾ മാറുകയാണ്. കടകംപള്ളിയും വി.ശിവൻകുട്ടിയും നിയന്ത്രിച്ചിരുന്ന ജില്ലയിൽ കരുത്തനായാണ് ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റിലെക്കെത്തുന്നത്. പിണറായിയുടെ പിന്തുണയാണ് അപ്രതീക്ഷിതമായി ആനാവൂരിന് നറുക്ക് വീഴാൻ കാരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭീഷണി മറികടന്ന് ഭരണം ഉറപ്പിച്ചതടക്കമുള്ള പ്രവർത്തന മികവും അനുകൂല ഘടകമായി. 

മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട കടകംപള്ളിയോ അല്ലെങ്കിൽ വിജയകുമാറോ സെക്രട്ടറിയേറ്റിലെത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന വിവാദങ്ങളടക്കമാണ് കടകംപള്ളിക്ക് വിനയായത്. കർഷകസംഘം സംസ്ഥാന സെക്രട്ടറിയായ വിജയകുമാറിനെ സെക്രട്ടറിയേറ്റിലെടുത്താൽ ആ പദവിയിൽ പുതിയ ആളെ കൂടി കണ്ടെത്തേണ്ട സാഹചര്യവും കൂടി പരിഗണച്ചാണ് ഒഴിവാക്കൽ. 

ആനാവൂരിന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പല പേരുകൾ പരിഗണനയിലുണ്ട്. സി.ജയൻബാബു, കെ.എസ് സുനിൽകുമാർ, സി.അജയകുമാർ, ആർ.രാമു എന്നിവരാണ് പരിഗണനയിൽ. സംസ്ഥാന സമിതിയിലേക്ക് വർക്കല എംഎൽഎ വി.ജോയിയുടെ വരവും അപ്രതീക്ഷിതം. സംസ്ഥാന സമ്മേളന പ്രതിനിധി കൂടി അല്ലാതിരിക്കെയാണ് പുതിയ പദവി. ജാതിസമവാക്യങ്ങളടക്കം പരിഗണിച്ചാണ് ജോയിക്കുള്ള സ്ഥാനം എന്നാണ് സൂചന.