
കണ്ണൂർ: കണ്ണൂരിൽ പതിമൂന്ന് വയസ്സുള്ള കുട്ടിയെ കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമർശനം ഉയരുന്നു. ചിറക്കൽ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് 13 വയസ്സുള്ള കുട്ടി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. ചടങ്ങിന്റെ ഭാഗമായി തെയ്യം തീ കനലിൽ ചാടുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസുമെടുത്തു.
ചിറക്കൽ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലാണ് പെരും കളിയാട്ടത്തിന്റെ ഭാഗമായി കുട്ടിയെക്കൊണ്ട് തീയിൽ ചാടുന്ന തീ ചാമുണ്ഡി തെയ്യം കെട്ടിച്ചത്. സംഘാടകരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ വിമർശനമാണ് ഉയർന്നിട്ടുള്ളത്. രണ്ടാൾ പൊക്കത്തിലുള്ള മേലേരിക്ക് അടുത്തേക്ക് പോകാൻ പോലും കഴിയാത്തവിധം ചൂട് ഉണ്ടാകും. ഈ കനലിലേക്കാണ് കുട്ടി ചാടുന്നത്. തെയ്യം കഴിഞ്ഞതിനു ശേഷം കുട്ടിയെ അവശനായി കാണാമായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമർശനം ഉയർന്നത്.
ആടയാഭരണങ്ങൾക്ക് പുറമെ ശരീരത്തിൽ കുരുത്തോല കൊണ്ടുള്ള കവചം മാത്രം ആണ് തീ പൊള്ളൽ തടയാനുള്ളത്.
തീയിലേക്ക് ചാടുമ്പോൾ സെക്കന്റ് കൊണ്ട് തന്നെ പിടിച്ചുമാറ്റും. ഏറെ അപകടം നിറഞ്ഞതാണിതെന്നും കുട്ടികളെ ഏത് വിശ്വാസത്തിന്‍റെ പേരിലായാലും ഇത്തരം അപകടകരമായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ അനുവദിക്കരുതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. വലിയ വിമർശനമാണ് സംഘടകർക്ക് എതിരെ ഉണ്ടായത്. ആചാരത്തിന്റെ ഭാഗമായി കുട്ടികളെ അപകടകരമായ തെയ്യക്കോലം കെട്ടിക്കുന്നത് കുറ്റകരമാണെന്നും നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.
ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ കേസെടുത്തത്. ജില്ലാ പോലീസ് മേധാവി സി ഡബ്ല്യുസി, അടക്കമുള്ളവരോട് റിപ്പോർട്ട് നൽകാനാണ് കമ്മീഷന്റെ നിർദ്ദേശം. കുട്ടിയെ കൊണ്ട് തെയ്യം അവതരിപ്പിക്കുന്നു എന്ന വിവരം വന്നപ്പോൾ തന്നെ സി ഡബ്ല്യുസി വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ സംഘാടകർ തീരുമാനം മാറ്റാൻ തയ്യാറായിരുന്നില്ല. കുട്ടി. തീച്ചാമുണ്ഡിയുടെ അഗ്നി പ്രവേശം വിവാദമാകുമ്പോൾ ഇതേ ക്ഷേത്രത്തിൽ മറ്റൊരു ചാമുണ്ഡി തെയ്യത്തിന് കാർമികനായി നിൽക്കുന്ന കുട്ടിയുടെ ദൃശ്യം പുറത്ത് വന്നു. തനിക്ക് ഒറ്റക്കോലം കെട്ടിയത് കൊണ്ട് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്ന് കുട്ടി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് ബാലാവകാശ കമ്മീഷന്‍റെ തീരുമാനം.
Read More : അമ്മയേയും കുഞ്ഞിനേയും ഇറക്കിവിട്ടെന്ന് ആരോപണം; ബസ് തടഞ്ഞ് ഡ്രൈവർക്ക് മർദനം, നിലമ്പൂരിൽ 4 പേർ അറസ്റ്റിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam