
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചു. രണ്ട് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക.
മെയ്, ജൂൺ മാസത്തെ പെൻഷനാണ് നൽകുക. നാൽപ്പത്തെട്ടര ലക്ഷം പേരുടെ കൈകളിൽ പെൻഷനെത്തും. ക്ഷേമനിധി ബോർഡുകളിൽ 11 ലക്ഷത്തോളം പേർക്കാണ് പെൻഷൻ കിട്ടുക. സാമൂഹ്യപെൻഷൻ 1165 കോടിയും ക്ഷേമനിധി ബോർഡുകൾക്ക് 160 കോടിയുമാണ് വേണ്ടി വരിക. ഇത് അനുവദിച്ചു. മസ്റ്റർ ചെയ്യാനുള്ള തീയതി ജൂലൈ 22 വരെയാണ്.
ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ വീട് വയ്ക്കാനാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിൽ കണ്ടെത്തുന്ന സ്ഥലങ്ങൾ മാത്രം മതിയാകില്ല. ഇതിനാൽ ഭവനസമുച്ചയങ്ങളുണ്ടാക്കാൻ സുമനസ്സുകളുടെ സഹായം സ്വീകരിക്കും. കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ എരുമേലി ജമാ അത്തിന്‍റെ നേതൃത്വത്തിൽ നോമ്പുകാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെന്‍റ് ലൈഫ് മിഷന് വേണ്ടി വിനിയോഗിക്കാൻ മുന്നോട്ടുവന്നു. അതിൽ നിന്ന് 3 സെന്‍റ് വീതം 12 പേർക്കായി വീതിച്ച് നൽകും. ഇതിൽ 7 സെന്‍റ് സ്ഥലം പൊതു ആവശ്യങ്ങൾക്കാണ്. ഇത് കൂടാതെ കോട്ടയം അയ്മനത്തെ റോട്ടറി ഇന്‍റർനാഷണൽ 6 ലക്ഷം യൂണിറ്റ് കോസ്റ്റ് വരുന്ന 18 വീടുകൾ ലൈഫ് ഗുണഭോക്താക്കൾക്ക് നിർമിച്ച് നൽകാൻ മുന്നോട്ടുവന്നു.
മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ വീട് നൽകാനുള്ള കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം നാളെ തുടങ്ങും. ഒന്നാം ഘട്ടത്തിൽ 2000 വീടുകൾ നിർമിക്കാനായിരുന്നു തീരുമാനം. എല്ലാ വീടുകളും പൂർത്തിയാക്കി കൈമാറി. ഭൂരഹിത, ഭവനരഹിതർക്കുള്ള ഫ്ലാറ്റ് നിർമാണമാണ് ഈ ഘട്ടത്തിലുള്ളത്. 14 ജില്ലകളിലും സ്ഥലം കണ്ടെത്തി. തൃശ്ശൂർ പഴയന്നൂരിൽ ഫ്ലാറ്റുണ്ടാക്കിയാണ് ഈ ഘട്ടം തുടങ്ങുക. കൊവിഡ് കാലത്തും ലൈഫ് മിഷൻ സന്ദേശം ആളുകൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നു. ഇതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam