
തിരുവനന്തപുരം: സോളാർ പീഡന കേസ് സിബിഐക്ക് കൈമാറിയത് മന്ത്രിസഭ യോഗം ചർച്ച ചെയ്യാതെ. കഴിഞ്ഞയാഴ്ച്ച ചേർന്ന രണ്ട് മന്ത്രിസഭാ യോഗങ്ങളിലും ഇക്കാര്യം ചർച്ച ആയില്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശ പ്രകാരം മുഖ്യമന്ത്രി ആണ് തീരുമാനം എടുത്തത്. അതേസമയം, സോളാർ കേസ് അന്വേഷണം സിബിഐക്ക് കേസ് വിട്ടുള്ള വിജ്ഞാപനം ഉടൻ സംസ്ഥാനം കേന്ദ്ര പേർസണൽ മന്ത്രാലയത്തിന് അയച്ച് നൽകും. മന്ത്രാലയം ആണ് ശുപാർശ സിബിഐക്ക് നൽകുക. കേസ് ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യം സിബിഐ അറിയിയ്ക്കും.
സോളാർ തട്ടിപ്പ് കേസിലെ പരാതിക്കാരി നൽകിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് കഴിഞ്ഞ ദിവസം സിബിഐയ്ക്ക് വിട്ടത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിർണായകമായ കേസാണ് സിബിഐയ്ക്ക് കൈമാറിയത്. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നത് വലിയ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാക്കിയത്. പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മന്ത്രിസഭ യോഗം ചർച്ച ചെയ്യാതെയാണ് നടപടി എന്ന കാര്യം പുറത്ത് വരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam