Asianet News MalayalamAsianet News Malayalam

'അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റിന്‍റെ സന്ദേശം ലഭിച്ചു', ഹെലികോപ്റ്റർ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഇന്നലെ രാവിലെ ഹെലികോപ്റ്റർ തകർന്നുവീണത്. 

army announce investigation on helicopter crash in arunachal pradesh
Author
First Published Oct 22, 2022, 10:20 AM IST

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റർ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി സൈന്യം വാർത്താകുറിപ്പിലൂടെ അറിയിച്ചു. അപകടത്തിന് തൊട്ടുമുന്‍പ് എയർ ട്രാഫിക് കണ്ട്രോളിന് അപായ സന്ദേശം ലഭിച്ചിരുന്നു. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ട് എന്ന സന്ദേശമാണ് പൈലറ്റില്‍ നിന്നും കിട്ടിയത്. ഇത് കേന്ദ്രീകരിച്ചാകും അന്വേഷണമെന്നും സൈനിക വക്താവ് അറിയിച്ചു. ഹെലികോപ്റ്റർ പറന്നുയരുമ്പോൾ കാലാവസ്ഥ അനുകൂലമായിരുന്നു. 

ഇന്നലെ രാവിലെ പത്തേ മുക്കാലിന് അപ്പർ സിയാങ് ജില്ലയിലെ സിങ്ങിംഗ് മേഖലയിലെ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. നാലുപേരുടെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തി. ഒരാളുടെ മൃതദേഹം കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്. പൈലറ്റുമാർക്ക് 600 മണിക്കൂറോളം ഹെലികോപ്റ്റർ പറപ്പിച്ച് പരിചയമുണ്ട് എന്നും സൈന്യത്തിന്‍റെ വാർത്താ കുറിപ്പിലുണ്ട്. മരിച്ചവരുടെ പേരുവിവരങ്ങൾ ബന്ധുക്കളെ വിവരം അറിയിച്ച ശേഷം പ്രസിദ്ദീകരിക്കുമെന്നും സൈന്യം വ്യക്തമാക്കി. 

അപകടത്തിൽ മലയാളി സൈനികനും മരിച്ചിരുന്നു. കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്‍റെ മകൻ കെ വി അശ്വിൻ ( 24 ) ആണ്‌ അപകടത്തിൽ മരിച്ച നാല് പേരിൽ ഒരാള്‍. നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക്‌ കയറിയത്‌. നാട്ടിൽ അവധിക്ക്‌ വന്ന അശ്വിൻ  ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതി‍‍ര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്.  അശ്വിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. 

Follow Us:
Download App:
  • android
  • ios