സംവിധായകൻ സോമൻ അമ്പാട്ടും മുൻ എംഎൽഎ ഉമേഷ് ചള്ളിയിലും ബിജെപിയിൽ ചേർന്നു: ശ്രീധരൻ പിള്ള

By Web TeamFirst Published Aug 20, 2019, 5:39 PM IST
Highlights

കൂടുതൽ പേർ ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള. അംഗത്വ കാമ്പയിൻ ഒന്നാം ഘട്ടം അവസാനിച്ചു. ബി ജെ പി മെമ്പർഷിപ്പ് 40 ശതമാനം വർധിച്ചു.

കൊച്ചി: ബിജെപിയുടെ അംഗത്വവിതരണ ക്യാംപെയ്‍നിന്‍റെ ഒന്നാം ഘട്ടം വൻ വിജയമെന്ന് സംസ്ഥാനപ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള. ക്യാംപെയ്‍ന് നല്ല പ്രതികരണമാണുണ്ടായത്. ബിജെപിയുടെ അംഗത്വം 40 ശതമാനം കൂടി. ഒന്നാംഘട്ട അംഗത്വ വിതരണം ഇതോടെ അവസാനിച്ചെന്നും ശ്രീധരൻ പിള്ള അറിയിച്ചു. 

സിനിമാ സംവിധായകൻ സോമൻ അമ്പാട്ടും, മുൻ കൊടുങ്ങല്ലൂർ എംഎൽഎയും ജെഎസ്എസ് നേതാവുമായിരുന്ന ഉമേഷ് ചള്ളിയിലും ബിജെപിയിൽ ചേർന്നതായും ശ്രീധരൻ പിള്ള അറിയിച്ചു. തിരക്കഥാകൃത്തും നിർമാതാവുമായ സോമൻ അമ്പാട്ട്, ആയിരം അഭിലാഷങ്ങൾ, എന്നും മാറോടണയ്ക്കാൻ, ഒപ്പം ഒപ്പത്തിനൊപ്പം, അഗ്നിമുഹൂർത്തം എന്നതടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 

2001-ൽ യുഡിഎഫിനൊപ്പം ജെഎസ്എസ് സ്ഥാനാർത്ഥിയായി വിജയിച്ച എംഎൽഎയാണ് ഉമേഷ് ചള്ളിയിൽ. അന്ന് ശ്രീനാരായണഗുരുവിന്‍റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത് വിവാദമാവുകയും ഇതിന്‍റെ പേരിൽ കോടതി നടപടികളുണ്ടാവുകയും ചെയ്തിരുന്നു. 

നാളെ കോഴിക്കോട്ട് ന്യൂനപക്ഷ നവാഗത സമ്മേളനം നടക്കുമെന്ന് ശ്രീധരൻ പിള്ള അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ മുൻ വൈസ് ചാൻസലർ അബ്ദുൽ സലാം നാളെ അംഗത്വമെടുക്കും. അബ്ദു റഹ്മാൻ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്‍ദ് താഹ ബാഫഖി തങ്ങൾ, മുൻ മേയർ യു ടി രാജൻ എന്നിവരും നാളെ ബിജെപിയിൽ ചേരുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു. 

click me!