ജോലിഭാരത്താൽ വലഞ്ഞ പൊലീസിന് ഇരട്ടി പണി; 4700 ഹെൽത്ത് ഇൻസ്പെക്ർമാർ എന്തു ചെയ്യണം?

By Web TeamFirst Published Aug 10, 2020, 8:57 AM IST
Highlights

നിലവിലെ ചുമതല പൊലീസിന് നൽകിയിരിക്കെ തങ്ങളുടെ പുതിയ ചുമതല വ്യക്തമാക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ സർക്കാരിനോടാവശ്യപ്പെട്ടിട്ട്  2 ദിവസമായി. നിർദേശം വരാത്ത സാഹചര്യത്തിൽ മുൻപ് ചെയ്തിരുന്ന അതേ രീതിയിൽ  സമ്പർക്ക പട്ടിക തയാറാക്കുന്നത് തുടരുകയും ചെയ്യുന്നു.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ചുമതല പൊലീസിനെ ഏൽപ്പിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും തീരാതെ ആശയക്കുഴപ്പം. നിർദേശങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ പൊലീസിനൊപ്പം ഹെൽത്ത് ഇൻസ്പെക്ടർമാരും സമാന്തരമായി പട്ടിക തയ്യാറാക്കുന്നത് തുടരുകയാണ്.

രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ആരോഗ്യപ്രവർത്തകരിൽ നിന്നും മാറ്റി പൊലീസുകാരെ ഏൽപ്പിച്ചത് വൻ വിവാദമായിരുന്നു. തീരുമാനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പലകാര്യങ്ങളിലും അവ്യക്തതയുണ്ട്. എല്ലായിടത്തും പൊലീസ് നേരിട്ട് ഇപ്പോഴും പട്ടിക തയ്യാറാകുന്നില്ല. ചില സ്ഥലത്ത് ബൈക്ക് പട്രോൾ സംഘമെത്തി പട്ടിക തയ്യാറാക്കുന്നു. മറ്റ് ചിലയിടങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ തയ്യാറാക്കി നൽകുന്ന പട്ടിക മെഡിക്കൽ ഓഫീസർമാരിൽ നിന്നും പൊലീസ് ശേഖരിക്കുന്നു. ഇതിൽ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് അതൃപ്തിയുണ്ട്. 

നിലവിലെ ചുമതല പൊലീസിന് നൽകിയിരിക്കെ തങ്ങളുടെ പുതിയ ചുമതല വ്യക്തമാക്കണമെന്ന് 4,700ഓളം വരുന്ന സംസ്ഥാനത്തെ ഹെൽത്ത് ഇൻസ്പെക്ടർമാർ സർക്കാരിനോടാവശ്യപ്പെട്ടിട്ട്  2 ദിവസമായി. പുതിയ നിർദേശം വരാത്ത സാഹചര്യത്തിൽ മുൻപ് ചെയ്തിരുന്ന അതേ രീതിയിൽ  സമ്പർക്ക പട്ടിക തയാറാക്കുന്നത് തുടരുകയും ചെയ്യുന്നു. ചുരുക്കത്തിൽ 2 സംവിധാനങ്ങൾ ഒരേകാര്യത്തിൽ ഒരേ ജോലി ചെയ്യുന്ന അവസ്ഥ.

പൊലീസിനാകട്ടെ പട്ടിക തയ്യാറാക്കലിൻ്റെ ജോലിഭാരം ഏറെ. വിശാലമായ തീരദേശ ക്ലസ്റ്ററിലടക്കം ലോക്ക് ഡൗൺ മേൽനോട്ടവും, കണ്ടെയിന്മെന്റ് നിയന്ത്രണവും ഒപ്പം ക്രമസമാധാന ജോലിയും തുടരുന്നു. ഇതിനെല്ലാം ഇടയിൽ ഹോം ക്വാറന്‍റീൻ നോക്കാനും സമ്പർക്ക പട്ടിക കണ്ടെത്താനും പോകണം. റിസ്ക് അലവൻസുമില്ല. തിരുവനന്തപുരത്ത് 80ലധികം പൊലീസുകാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കിളിമാനൂരിൽ പ്രതിയെ ചോദ്യം ചെയ്ത 16 പൊലീസുകാരാണ് നിരീക്ഷണത്തിൽ പോകേണ്ടി വന്നത്.

click me!