'വിവാഹിതരായത് നീണ്ടകാല പ്രണയത്തിനൊടുവിൽ', വെള്ളാപ്പള്ളിയുടേത് വർഗീയ പരാമർശം, പ്രതികരിച്ച് സൗമ്യയുടെ ഭർത്താവ്

By Web TeamFirst Published Sep 22, 2021, 2:13 PM IST
Highlights

'ഞങ്ങളുടേത് പ്ലസ് വണിൽ പഠിക്കുമ്പോൾ മുതലുള്ള പ്രണയമായിരുന്നു. 2010 ലാണ് വിവാഹിതരാകുന്നത്. അതിനും ശേഷം 2013 ലാണ് സൗമ്യ വിദേശത്തേക്ക് പോകുന്നത്. 2021 ലാണ് ഇസ്രായേലിൽ വെച്ച് മരിക്കുന്നത്'.

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേനെതിരെ (Vellapally Natesan) ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ (Rocket attack in Israel) മരിച്ച സൗമ്യയുടെ(Soumya Santhosh ) ഭർത്താവ് സന്തോഷ്. ഇസ്രയേലിൽ (Israel) വച്ച് താൻ സൗമ്യയെ പ്രേമിച്ച് വിവാഹം കഴിച്ചെന്ന പരാമർശം തെറ്റാണെന്നും വർഗീയത വളർത്തുന്ന രീതിയിലുള്ള പമാർശമാണുണ്ടായതെന്നും സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'ഞങ്ങളുടേത് പ്ലസ് വണിൽ പഠിക്കുമ്പോൾ മുതലുള്ള പ്രണയമായിരുന്നു. 2010 ലാണ് വിവാഹിതരാകുന്നത്. അതിനും ശേഷം 2013 ലാണ് സൗമ്യ വിദേശത്തേക്ക് പോകുന്നത്. 2021 ലാണ് ഇസ്രായേലിൽ വെച്ച് മരിക്കുന്നത്. സൗമ്യയുടെ വീട്ടുകാരുടെ അറിവോടെ എല്ലാവരും ചേർന്ന് പള്ളിയിൽ വെച്ചാണ് വിവാഹം കഴിച്ചത്. 

വെള്ളാപ്പള്ളി നടേശന്റെ ഭാഗത്ത് നിന്നുമുണ്ടായത് വർഗീയത വളർത്താനുള്ള രീതിയിലുള്ള പരാമർശമാണെന്ന് പറഞ്ഞ സന്തോഷ്, പരാമർശങ്ങൾ വേദനിപ്പിച്ചുവെന്നും വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും  കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിലാണ് ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യയുടെ ഭർത്താവിനെതിരെ പരാമർശവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഇസ്രായേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപ്പെട്ടയാളായിരുന്നു എന്നാല്‍ സംസ്കാരം നടന്നത് പള്ളിയില്‍ വെച്ചാണെന്നും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളും മതംമാറ്റം നടത്തുന്നുണ്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആരോപണം. 

സൗമ്യയുടെ മരണത്തെ തുടർന്നുള്ള ഇസ്രയേൽ ഗവണ്മെൻറിന്റെ സഹായം സന്തോഷ് മാത്രം എടുക്കുകയാണെന്നായിരുന്നു വെള്ളാപ്പള്ളി നടേന്റെ മറ്റൊരു ആരോപണം. ഇത് തെറ്റാണെന്ന് വിശദീകരിച്ച സന്തോഷ് സൗമ്യയുടെ മാതാപിതാക്കൾക്കും ഇസ്രായേലിന്റെ സഹായം കിട്ടുന്നുണ്ടെന്നും വിശദീകരിച്ചു. അതേ സമയം ഇതിൽ സൗമ്യയുടെ മാതാപിതാക്കൾ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

'ക്രിസ്ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതംമാറ്റം നടത്തുന്നത്. മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല'. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. 

 

click me!