
തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ സംരക്ഷണം വിശ്വാസികൾക്ക് നൽകണമെന്ന് ദക്ഷിണ ഭാരത സന്യാസി സംഗമം. കേരളം, തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിൽ നിന്നുള്ള സന്യാസിമാർ പങ്കെടുത്ത സമ്മേളനമാണ് ഈ ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള പ്രമേയം പാസാക്കിയത്. ക്ഷേത്രഭരണം രാഷ്ട്രീയ വിമുക്തമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വിശ്വാസികളെ സംഘടിപ്പിച്ച് ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിക്കണം എന്നതാണ് പ്രമേയത്തിലെ മറ്റൊരു ആവശ്യം. വോട്ടിനുവേണ്ടി സർക്കാരുകൾ അർഹിക്കാത്ത അവകാശങ്ങൾ ഇതര മതസ്ഥർക്ക് നേടിക്കൊടുക്കുന്നതായി പ്രമേയം കുറ്റപ്പെടുത്തി. ക്ഷേത്രഫണ്ടുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ദക്ഷിണ ഭാരത സന്യാസി സംഗമം ആവശ്യപ്പെട്ടു. ധർമ സംരക്ഷണത്തിനായി ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി നില കൊള്ളണമെന്നും സന്യാസി സംഗമം ആഹ്വാനം ചെയ്തു. പ്രദേശവാസികളായ ക്ഷേത്രവിശ്വാസികളെ സംഘടിപ്പിച്ച് ക്ഷേത്രസംരക്ഷണത്തിനായി സമിതി രൂപീകരിക്കാനും സന്യാസി സംഗമത്തിൽ തിരുമാനിച്ചു. ദക്ഷിണ ഭാരത സന്യാസി സംഗമത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.