പിന്‍വലിച്ച ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ, മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

Published : Nov 08, 2025, 08:53 PM IST
Gana geetham Controversy

Synopsis

എക്സില്‍ നിന്ന് പിന്‍വലിച്ച ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: എക്സില്‍ നിന്ന് പിന്‍വലിച്ച ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ. ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് പുതിയ പോസ്റ്റ്. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടുന്ന വീഡിയോ നേരത്തെ ദക്ഷിണ റെയിൽവേ എക്സില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എറണാകുളം സൗത്ത് ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിനാണ് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചത്. ഇതാണ് ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും പിന്നീട് പിന്‍വലിക്കുകയും ഇപ്പോൾ വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തത്. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സില്‍ നടത്തിയ വിമർശനത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമ‍ർശിച്ചു. കുട്ടികൾ അവർക്ക് ഇഷ്ട്ടുള്ള ദേശഭക്തി ഗാനം പാടിയതാണോ പ്രശ്നമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കുട്ടികളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അപലപിക്കാൻ സംസ്ഥാന സർക്കാരിൽ തന്നെ ഒട്ടേറെ വിഷയങ്ങൾ ഉണ്ടല്ലോ എന്നും എക്‌സിൽ രാജീവ്‌ ചന്ദ്രശേഖർ കുറിച്ചു.

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെയാണ് പ്രധാനമന്തി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തത്. എറണാകുളം - ബെംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്‍റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ 8 മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകിട്ട് 5 50ന് ബെംഗളൂരുവിൽ എത്തിച്ചേരും.

ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.

 

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍